ചേപ്പിലയിൽ ഉയർന്നു,
ചേലൊത്ത വീടുകൾ

പുൽപ്പള്ളി ചേപ്പിലയിൽ നിർമാണം പൂർത്തിയായ വീടുകൾ


  കൽപ്പറ്റ ‘‘മഴ കനത്താൽ കൂടൽക്കടവിൽനിന്ന്‌ വെള്ളം കോളനിയിലേക്കടിച്ചുകയറും. പിന്നെ കൈയിൽ കിട്ടിയതൊക്കെ പെറുക്കി ഒരോട്ടമായിരിക്കും. ശ്രീനാരായണ സ്‌കൂളിലായിരിക്കും പിന്നെ താമസം. അങ്ങനെയെത്ര കാലം കഴിച്ചുകൂട്ടി. കഷ്ടപ്പാടുകൾക്കിപ്പോ അറുതിയായി. ഇനിയിപ്പോ മനസ്സമാധാനത്തോടെ  കിടക്കാലോ. ഒരുപാട്‌ നന്ദിയുണ്ട്‌ സർക്കാരിനോട്‌’’. ദുരിതകാലത്തിന്‌ അറുതിയായതിന്റെ സന്തോഷത്തിലാണ്‌ പൂതാടി കൂടൽക്കടവ്‌ കോളനിയിലെ ബൈജു. പുൽപ്പള്ളി ചേപ്പിലയിൽ ഇവരുടെ സ്വപ്‌നവീട്‌ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഇവരുൾപ്പെടെ 19 കുടുംബങ്ങൾക്കാണ്‌ വീടുയരുന്നത്‌. പൂതാടി, പുൽപ്പള്ളി, മീനങ്ങാടി, നൂൽപ്പുഴ എന്നിവിടങ്ങളിലുള്ള 19 കുടുംബങ്ങൾക്കാണ്‌ വീട്‌ നിർമിക്കുന്നത്‌. മഴക്കാലത്ത്‌ വെള്ളം കയറി ദുരിതത്തിലാവുന്ന കുടുംബങ്ങൾക്കായി മൂന്നരയേക്കർ ഭൂമി വാങ്ങിയാണ്‌ പട്ടികവർഗ വകുപ്പ്‌ പുനരധിവാസം നടപ്പാക്കുന്നത്‌. പേരൂർ, കാക്കുളം, അതിരാറ്റുപാടി, കൂടല്ലൂർ, ചിരട്ടയമ്പം, അരൂർ, പഴഞ്ചേറ്റിൽ, മൂടക്കൊല്ലി, പാത്രമൂല, കേഴമംഗലം എന്നീ കോളനികളിലുള്ളവർക്കാണ്‌ വീടുകൾ നിർമിച്ചുനൽകുന്നത്‌. 2018ലെ പ്രളയത്തിൽ ഇതിൽ മിക്കവരുടെയും വീടുകൾക്ക്‌ നാശമുണ്ടായിരുന്നു. ആറ്‌ ലക്ഷം രൂപ ചെലവിൽ സുന്ദരമായ വീടുകളാണ്‌ ജില്ലാ നിർമിതികേന്ദ്ര നിർമിച്ചിരിക്കുന്നത്‌. രണ്ട്‌ മുറിയും ഹാളും അടുക്കളയും ടോയ്‌ലറ്റുമുള്ള വീടുകൾ മുഴുവൻ ടൈലിട്ട്‌ മനോഹരമാക്കിയിട്ടുണ്ട്‌. ഓരോ വീടുകളിലേക്കും മൂന്നുമീറ്റർ വീതിയുള്ള റോഡുകൾ നിർമിച്ചിട്ടുണ്ട്‌. പൊതുപഠന മുറിയും ഒരുക്കിയിട്ടുണ്ട്‌. ജലനിധിയുമായി ചേർന്ന്‌ മുഴുവൻ വീടുകളിലും കുടിവെള്ള കണക്‌ഷനും 500 ലിറ്ററിന്റെ വെള്ളടാങ്കും സ്ഥാപിച്ചിട്ടുണ്ട്‌. ഉടൻതന്നെ വീടുകൾ കൈമാറുമെന്ന്‌ ബത്തേരി ടിഡിഒ സി ഇസ്‌മായിൽ പറഞ്ഞു.    Read on deshabhimani.com

Related News