അന്നം മുട്ടില്ല; നിർമലയ്‌ക്ക്‌ ബിപിഎൽ കാർഡായി

വൈത്തിരി താലൂക്ക് തല അദാലത്തിൽ എപിഎൽ കാർഡ് ബിപിഎൽ കാർഡാക്കി തിരുത്തിക്കിട്ടിയതിൽ മന്ത്രി എ കെ ശശീന്ദ്രനോടൊപ്പം സന്തോഷം പങ്കുവെക്കുന്ന മണിയും, ഭാര്യ നിർമലയും


 കൽപ്പറ്റ "ചികിത്സക്ക്‌ പോലും ബുദ്ധിമുട്ടുകയായിരുന്നു. അതിനിടയിലാണ്‌  റേഷൻകാർഡ്‌ എപിഎൽ ആയത്‌.  ചികിത്സ ആവശ്യത്തിന്‌  വായ്‌പ എടുത്ത്‌ മാരുതി 800 കാർ  വാങ്ങിയതായിരുന്നു കാരണം.  ഞങ്ങളുടെ വിഷമം മനസ്സിലാക്കി കാർഡ്‌ വീണ്ടും ബിപിഎൽ ആക്കി നൽകി'–-മന്ത്രി എ കെ ശശീന്ദ്രന്റെ കൈയിൽനിന്ന്‌  ബിപിഎൽ കാർഡ്‌ കിട്ടിയതിന്റെ കഥ വിവരിക്കുമ്പോൾ നിർമലയ്‌ക്കും ഭർത്താവ്‌ മണിക്കും ആശ്വാസത്തിന്റെ നെടുവീർപ്പ്‌.  വൈത്തിരി താലൂക്ക്‌തല അദാലത്തിലാണ്‌ ഇവർക്ക്‌ നീതി ലഭിച്ചത്‌. വാഴവറ്റ പാക്കം കോലിക്കൽ വീട്ടിൽ നിർമല അർബുദ ബാധിതയാണ്‌. ഏറെ പ്രയാസപെട്ടാണ്‌ ജീവിതവും ചികിത്സയും. ചികിത്സയ്‌ക്ക്‌ ബസ്‌ യാത്ര ബുദ്ധിമുട്ടായതിനാലാണ്‌ ചെറിയ വാഹനം വാങ്ങാൻ നിർബന്ധിതരായത്‌. ആരോ പരാതി കൊടുത്തതോടെ  ദാരിദ്ര്യരേഖയ്‌ക്ക്‌ പുറത്തായി. വിഷമം അനുഭാവപൂര്‍വം കേട്ട മന്ത്രി രേഖകള്‍ പരിശോധിച്ച്  തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കി. സിവില്‍ സപ്ലൈസ് അധികൃതര്‍ വേദിയില്‍തന്നെ മുന്‍ഗണനാ കാര്‍ഡ് അനുവദിച്ചു.  മന്ത്രിയില്‍നിന്ന്‌ കാർഡ്‌ ഏറ്റുവാങ്ങി കൈകൂപ്പി നന്ദി പറഞ്ഞാണിവർ മടങ്ങിയത്‌. Read on deshabhimani.com

Related News