ചീനപ്പുല്ലിൽ വീണ്ടും കടുവ



ബത്തേരി ചീനപ്പുല്ലിൽ വീണ്ടും കടവയെത്തി. ബത്തേരി നഗരത്തോട്‌ ചേർന്നുകിടക്കുന്ന ദൊട്ടപ്പൻകുളത്തിനടുത്ത ചീനപ്പുല്ല്‌ എസ്‌റ്റേറ്റിൽ വെള്ളി രാവിലെ ഒമ്പതോടെയാണ്‌ കടുവയെത്തിയത്‌. എസ്‌റ്റേറ്റിൽ കാടുവെട്ടാനെത്തിയ തൊഴിലാളിയാണ്‌ കടുവയെ ആദ്യം കണ്ടത്‌. നാട്ടുകാർ അറിയിച്ചതുപ്രകാരം സ്ഥലത്തെത്തിയ വൈൽഡ്‌ലൈഫ്‌ വാർഡൻ എസ്‌ നരേന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്ത്‌ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടില്ല. തോട്ടത്തിൽ ചിലയിടത്ത്‌ കടുവയുടെ കാൽപ്പാടുകൾ കാണാനായി.  കഴിഞ്ഞ ഞായറാഴ്‌ച പകലും ദൊട്ടപ്പൻകുളം ഭാഗത്ത്‌ കടുവയെത്തിയിരുന്നു. ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശിന്റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം വൈൽഡ്‌ലൈഫ്‌ വാർഡനുമായി നടത്തിയ ചർച്ചക്കൊടുവിൽ കടുവയെ കൂടുവച്ച്‌ പിടിക്കാൻ തീരുമാനിച്ചെങ്കിലും കൂടുവെക്കാനുള്ള നടപടി പൂർത്തിയായിട്ടില്ല. കഴിഞ്ഞ ദിവസം അടിയന്തരമായി വിളിച്ചുചേർത്ത നഗരസഭ കൗൺസിൽ യോഗവും കടുവയെ പിടികൂടണമെന്ന പ്രമേയം ഐകകണ്ഠ്യേനെ അംഗീകരിച്ചിരുന്നു.ദൊട്ടപ്പൻകുളത്ത്‌ ഏറെക്കാലമായി വന്യമൃഗശല്യമുണ്ട്‌. പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. വന്യമൃഗ ശല്യത്തിന്‌ ശാശ്വതപരിഹാരംവേണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News