രാമേട്ടന്റെ ആഹ്ലാദത്തിലലിഞ്ഞ്‌ നാടും

പത്മശ്രീ പുരസ്‌കാരം നേടിയ ചെറുവയൽ രാമനെ മന്ത്രി ആർ ബിന്ദു പൊന്നാടയണിയിക്കുന്നു


  കൽപ്പറ്റ  പരമ്പരാഗത നെൽവിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ ചെറുവയൽ രാമന്റെ പത്മശ്രീ പുരസ്‌കാര നിറവിൽ ജില്ല. വയനാടിന്റെ കാർഷികപ്പെരുമ ലോകത്തെ അറിയിച്ച രാമേട്ടന്‌ ലഭിച്ച അംഗീകാരത്തിന്റെ ആഹ്ലാദത്തിലാണ്‌ നാടും. പോയകാലത്തിന്റെ നെൽവിത്തുകളാണ് മാനന്തവാടി കമ്മനയിലെ ഈ ആദിവാസി കർഷകന്റെ സമ്പാദ്യം.  വയനാടിന്റെ ‘നെല്ലഛന്‌’ ആശംസയുമായി നിരവധി വ്യക്തികളും സംഘടനകളും വീട്ടിലെത്തി. ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മന്ത്രി ആർ ബിന്ദു പൊന്നാടയണിച്ച് ആദരിച്ചു.    തൊണ്ടിയും ചോമാലയും തുടങ്ങി വയനാട്ടിൽനിന്ന്‌ അറുപതോളം നെൽവിത്തുകൾ ആറുപതിറ്റാണ്ടായി ഈ കർഷകൻ കൃഷിചെയ്ത് സംരക്ഷിക്കുന്നു. അദ്ദേഹത്തിന്റെ കൃഷിയറിവുകൾ തേടി സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പല ഭാഗങ്ങളിൽനിന്നും ആളുകളെത്തി. വൈവിധ്യങ്ങളായ ചേന, ചേമ്പ്, പച്ചക്കറി വിത്തുകളും സംരക്ഷിക്കുന്നു. ബ്രസീലിൽ നടന്ന ലോക കാർഷിക സെമിനാറിലുൾപ്പെടെ 11 രാജ്യങ്ങളിൽ നടന്ന സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ കർഷക ജ്യോതി അവാർഡ്, പി കെ കാളൻ പുരസ്‌കാരം എന്നിവ ലഭിച്ചു. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ജീനോം സേവിയർ അവാർഡ് ഉൾപ്പെടെ മറ്റ്‌ നിരവധി ബഹുമതികളും തേടിയെത്തി. കൃഷിയോടൊപ്പം നാടിനെയും സേവിച്ചു. സിപിഐ എം മുൻ നല്ലൂർനാട് ലോക്കൽ കമ്മിറ്റി അംഗവും കമ്മന ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. നല്ലൂർനാട് സർവീസ്‌ സഹകരണ ബാങ്ക് ഡയറക്ടർ, എടവക പഞ്ചായത്തംഗം -എന്നീ സ്ഥാനങ്ങളും വഹിച്ചു. ഭാര്യ: ഗീത. മക്കൾ: രമേശൻ (സിപിഐ എം നല്ലൂർനാട് ലോക്കൽ കമ്മിറ്റി അംഗം, എകെഎസ് ജില്ലാ ജോ. സെക്രട്ടറി, മുൻ പഞ്ചായത്തംഗം), രമണി, രജിത, രാജേഷ്. മരുമക്കൾ: തങ്കമണി, രജിത. Read on deshabhimani.com

Related News