‘വലിച്ചെറിയൽ മുക്ത’ ക്യാമ്പയിൻ



കൽപ്പറ്റ നവകേരളം കർമപദ്ധതിയിൽ  നടത്തുന്ന ‘വലിച്ചെറിയൽ മുക്ത കേരളം' ക്യാമ്പയിൻ ജില്ലയിൽ തുടങ്ങി. കണിയാമ്പറ്റയിൽ പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമൻ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ്‌ ബിനു ജേക്കബ് അധ്യക്ഷനായി.  ‘വൃത്തിയുളള നവകേരളം' എന്ന ലക്ഷ്യത്തിലേക്കുളള ആദ്യഘട്ട പ്രവർത്തനമായാണ് ജില്ലയിൽ വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ നടപ്പാക്കുന്നത്. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കാനുളള സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. കർമപദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളും രീതികളും മെച്ചപ്പെടുത്തും.  എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരുപൊതു ഇടം ശുചീകരിച്ചുകൊണ്ടാണ് ക്യാമ്പയിനിന് തുടക്കമിടുന്നത്.  30വരെ ഓരോ വാർഡ് അടിസ്ഥാനത്തിലും ശുചീകരണം നടത്തും. മാലിന്യക്കൂനകൾ ഉണ്ടെങ്കിൽ നീക്കം ചെയ്യും.  വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റുസർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിലും ക്യാമ്പയിൻ സംഘടിപ്പിക്കും. ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. വൃത്തിയാക്കുന്ന പൊതു ഇടങ്ങൾ ആ പ്രദേശത്തിന് അനുയോജ്യമായരീതിയിൽ സൗന്ദര്യവൽക്കരിക്കും. Read on deshabhimani.com

Related News