ജില്ലാ സ്‌പെഷ്യൽ കൺവൻഷൻ പ്രവർത്തകർ തള്ളി

കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി വിളിച്ചുചേർത്ത പ്രത്യേക കൺവൻഷനിലെ ഒഴിഞ്ഞ സദസ്സ്‌


  കൽപ്പറ്റ   ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ജില്ലയിൽ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി വിളിച്ചുചേർത്ത പ്രത്യേക കൺവൻഷൻ പ്രാദേശിക നേതാക്കൾ ബഹിഷ്‌കരിച്ചു. മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ കൺവൻഷന്‌ എത്തിയില്ല. എല്ലാവരെയും നേരത്തേ അറിയിച്ച്‌ വിളിച്ചുചേർത്ത യോഗമായിട്ടും പ്രാദേശിക നേതാക്കൾ എത്താത്തത്‌ ഡിസിസി പ്രസിഡന്റിനും ടി സിദ്ദിഖ്‌ എംഎൽഎയ്‌ക്കുമെതിരായ പ്രതിഷേധത്തിന്റെ ഭാഗമാണെന്നാണ്‌ സൂചന.  ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വിളിച്ച യോഗത്തിലേക്ക്‌ 600 പേരെയാണ്‌ പ്രതീക്ഷിച്ചത്‌. എന്നാൽ 150ഓളം പേരാണ്‌ ആകെയെത്തിയത്‌. ജില്ലയിലെ 33 മണ്ഡലങ്ങളിലെ പ്രസിഡന്റ്‌, സെക്രട്ടറിമാർ തുടങ്ങിയവരും പഞ്ചായത്ത്‌ ജനപ്രതിനിധികളും സഹകരണ സ്ഥാപന ഡയറക്ടർമാരും ഉൾപ്പെടെയുള്ളവരാണ്‌ പങ്കെടുക്കേണ്ടിയിരുന്നത്‌. യൂത്ത്‌ കോൺഗ്രസ്‌, കെഎസ്‌യു ഭാരവാഹികളിൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്‌ പരിപാടിക്ക്‌ വന്നത്‌. ജനപ്രതിനിധികളും കാര്യമായി പങ്കെടുത്തില്ല. വന്നവരിൽ ചിലരാകട്ടെ നേതൃത്വത്തോട്‌ പ്രതിഷേധിച്ച്‌ ഉദ്‌ഘാടന സമയത്തുപോലും ഹാളിൽ കയറി ഇരിക്കാൻ തയ്യാറായില്ല. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ്‌ മരയ്‌ക്കാർ ഉൾപ്പെടെയുള്ളവർ ഹാളിന്‌ പുറത്തായിരുന്നു. അദ്ദേഹത്തെ വേദിയിലേക്ക്‌ ക്ഷണിച്ചിട്ടുപോലും ഹാളിൽ കയറിയില്ല.  ഡിസിസി പ്രസിഡന്റിനെ മറികടന്ന്‌ ജില്ലയിലെ കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്ന കെപിസിസി വൈസ്‌ പ്രസിഡന്റ്‌ ടി സിദ്ദിഖ്‌ എംഎൽഎയ്‌ക്കെതിരെ നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും പ്രതിഷേധമുണ്ട്‌. ഇതാണ്‌ പ്രത്യേക കൺവൻഷൻ ബഹിഷ്‌കരണത്തിന്‌ പിന്നിലെന്നാണ്‌ വിവരം. മുൻ ഡിസിസി പ്രസിഡന്റ്‌ കെ എൽ പൗലോസും കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമും സിദ്ദിഖിന്റെ സൂപ്പർ നേതൃത്വത്തിൽ അതൃപ്‌തരാണ്‌. ഈ അതൃപ്‌തി പ്രവർത്തകരിലേക്കും പടർന്നിട്ടുണ്ട്‌. അതിനിടെ ടി സിദ്ദിഖ്‌ കൽപ്പറ്റയിൽനിന്ന്‌ കോഴിക്കോട്ടേക്ക്‌ താമസം മാറ്റിയതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌.  ദേശീയ ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ ആയിരുന്നു ഉദ്‌ഘാടകൻ. അച്ചടക്കം പ്രധാനമാണെന്നും അച്ചടക്കമില്ലാതെ ഒരു ലക്ഷ്യവും നേടാനാവില്ലെന്നും ഒഴിഞ്ഞ സദസ്സിനെ നോക്കി അദ്ദേഹം പറഞ്ഞു.  കൺവൻഷന്‌ വരാത്തത്‌ നല്ല സ്വഭാവമല്ലെന്ന്‌ യോഗത്തിൽ അധ്യക്ഷനായ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചനും പറഞ്ഞു. ഉദ്‌ഘാടനം കഴിഞ്ഞ ഉടനെ വനിതാ പ്രവർത്തകർ ഉൾപ്പെടെ പകുതിയോളം പേർ ഹാൾ വിട്ടു. കൺവൻഷനിൽ പങ്കാളിത്തം കുറഞ്ഞതിൽ രമേശ്‌ ചെന്നിത്തല ഉൾപ്പെടെയുള്ളവർ ഡിസിസി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. Read on deshabhimani.com

Related News