അതിദരിദ്രർക്ക്‌ സേവനാവകാശ രേഖകൾ ലഭ്യമാക്കൽ അന്തിമഘട്ടത്തിൽ



  കൽപ്പറ്റ   നാലുവർഷംകൊണ്ട് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്ന സർക്കാർ ലക്ഷ്യത്തിലേക്ക്‌ കുതിച്ച്‌ വയനാടും. ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ സജീവമാണ്‌. അടിയന്തര നടപടിയുടെ ഭാഗമായി അതിദരിദ്രർക്ക്‌ സേവനാവകാശ രേഖകൾ ലഭ്യമാക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. ഡിസംബർ അവസാനത്തോടെയോ ജനുവരി ആദ്യവാരത്തോടെയോ മുഴുവൻ അതിദരിദ്രർക്കും സേവനാവകാശ രേഖകൾ ലഭ്യമാക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അധികൃതർ പറഞ്ഞു.‌  ജില്ലയിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതിദാരിദ്ര്യ നിർമാർജനത്തിനായി മൈക്രോ പ്ലാൻ തയ്യാറിക്കിയിട്ടുണ്ട്‌. 2931 കുടുംബങ്ങളിലായി 4531 പേരാണ്‌ അതിദാരിദ്ര്യ ലിസ്‌റ്റിലുള്ളത്‌. ഇതിൽ നഗരസഭയിൽ 361 കുടുംബങ്ങളും പഞ്ചായത്തുകളിൽ 2570 കുടുംബങ്ങളും ഉൾപ്പെട്ടിട്ടുണ്ട്‌. അടിയന്തര സേവനപദ്ധതികൾക്കായി തദ്ദേശസ്ഥാപനങ്ങൾ 14,15,800 രൂപ നീക്കിവച്ചിട്ടുണ്ട്‌. ഹ്രസ്വകാല പദ്ധതികൾക്കായി 16,15,000 രൂപയും ദീർഘകാല പദ്ധതികൾക്കായി 14,00,000 രൂപയും വകയിരുത്തി.  അതിദരിദ്രരിൽ 299 പേർക്ക്‌ ആധാർ കാർഡ്‌ ലഭ്യമാക്കാനുണ്ട്‌. ഇതിൽ 155 പേർക്ക് ഇതിനകം കാർഡ്‌ ലഭ്യമാക്കി. 158 പേർക്ക്‌ റേഷൻകാർഡ്‌ നൽകി.150 പേരാണ്‌ ഇനി കാർഡ്‌ നൽകാൻ അവശേഷിക്കുന്നവർ. സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭ്യമാക്കാനുള്ള 137 പേരിൽ 57 പേർക്ക്‌ പെൻഷൻ ലഭ്യമാക്കി. 1745 കുടുംബങ്ങളാണ്‌ ഭക്ഷണത്തിന്‌ സഹായം ആവശ്യമുള്ളതായി കണ്ടെത്തിയത്‌. ഇതിൽ 417 കുടുംബങ്ങൾക്ക്‌ ഭക്ഷണം ലഭ്യമാക്കാൻ നടപടികളായി. പാർപ്പിടം ആവശ്യമുള്ളവരായി കണ്ടെത്തിയ 1147 പേരിൽ 249 പേരെ ലൈഫ്‌ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. 1944 പേരാണ്‌ ആരോഗ്യസേവന ലിസ്‌റ്റിൽ അതിദരിദ്ര പട്ടികയിൽ ഉള്ളത്‌. ഇതിൽ 751 പേർക്ക്‌ സേവനം നൽകുന്നുണ്ട്. Read on deshabhimani.com

Related News