സന്തോഷ്‌ ട്രോഫിയിലെ വയനാടൻ തിളക്കം

. മുഹമ്മദ്‌ റാഷിദ്‌, മുഹമ്മദ്‌ സഫ്‌നാദ്


 കൽപ്പറ്റ   ഡിസംബർ ഒന്നിന്‌ ആരംഭിക്കുന്ന സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ കേരളത്തിനായി കളത്തിലിറങ്ങാൻ രണ്ട്‌ വയനാട്ടുകാരും. ഗോകുലം എഫ്‌സി താരമായ കെ മുഹമ്മദ്‌ റാഷിദും കേരള യുണൈറ്റഡ്‌ എഫ്‌സി താരം മുഹമ്മദ്‌ സഫ്‌നാദുമാണ്‌ കേരളത്തിനായി ബൂട്ടണിയുന്നത്‌. ഇരുവരും ഇതാദ്യമായാണ്‌ സന്തോഷ്‌ ട്രോഫി ടീമിൽ ഇടം നേടിയത്‌.      സ്‌കൂൾ തലം മുതൽ ഫുട്‌ബോളിൽ ജില്ലയെ പ്രതിനിധീകരിച്ചിട്ടുള്ള റാഷിദ്‌ വയനാട്‌ ഫാൽക്കൻസിനുവേണ്ടിയും ജഴ്‌സിയണിഞ്ഞു. അന്തർ സർവകലാശാല മത്സരത്തിൽ  എം ജി സർവകലാശാലയെ പ്രതിനിധീകരിച്ചു. എഫ്‌സി ഡ്യൂറന്റ്‌ കപ്പ്‌ നേടിയപ്പോഴും ഐ ലീഗ്‌ ചാമ്പ്യൻമാരായപ്പോഴും ടീമിന്റെ മുന്നേറ്റത്തിൽ ഈ മധ്യനിരക്കാരൻ തിളങ്ങി.  മുണ്ടേരി പേങ്ങാടൻ പരേതനായ മൂസയുടെയും പാത്തുമ്മയുടെയും മകനാണ്‌ റാഷിദ്‌.      മേപ്പാടി സ്വദേശിയായ സഫ്‌നാദ്‌ നോവ അരപ്പറ്റയിലൂടെയാണ്‌ ഫുട്‌ബോളിന്റെ ബാലപാഠങ്ങൾ നുകർന്നത്‌. പിന്നീട്‌ വയനാട്‌ എഫ്‌സിക്കുവേണ്ടിയും ബൂട്ടണിഞ്ഞു. 2018ലെ ഖേലൊ ഇന്ത്യ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ചു. 2019ൽ നാഷണൽ സ്‌കൂൾ ഗെയിംസിലും കേരളത്തിനായി ബൂട്ടണിഞ്ഞു. വളാഞ്ചേരി എംഇഎസ്‌ കോളേജിൽ‌ ഡിഗ്രി വിദ്യാർഥിയായ സഫ്‌നാദ്‌ മുന്നേറ്റ നിരയിലാണ്‌ കളിക്കുന്നത്‌. മേപ്പാടി മാൻകുന്നിലെ നജിമുദ്ദീന്റെയും ഖദീജയുടെയും മകനാണ്‌.  ‌ Read on deshabhimani.com

Related News