മണി ചെയിൻ തട്ടിപ്പ്‌: നിരവധിപേർ കുടുക്കിൽ



കൽപ്പറ്റ കോവിഡ്‌ കാലത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ മറവിൽ മണി ചെയിൻ തട്ടിപ്പ്‌ നടത്തിയ കമ്പനിക്കെതിരെ പരാതി. എമക്‌സ്‌ എഫ്‌ടിഎം കമ്പനിക്കെതിരെയാണ്‌ ‌മൂന്നിരട്ടി തുക വാഗ്‌ദാനംചെയ്‌ത്‌ കമ്പളിപ്പിച്ചെന്ന പരാതിയുമായി വെങ്ങപ്പള്ളി സ്വദേശി സജീർ, കൽപ്പറ്റ സ്വദേശികളായ റഷീദ്‌, സജീർ എന്നിവർ രംഗത്തെത്തിയത്‌.   വയനാട്‌, മലപ്പുറം, കോഴിക്കോട്‌ എന്നിവിടങ്ങളിലുള്ള നൂറുകണക്കിനാളുകൾ തട്ടിപ്പിനിരയായതായി പരാതിക്കാർ പറഞ്ഞു. സംഭവത്തിൽ ജില്ലാ പൊലീസ്‌ മേധാവി ഉൾപ്പടെയുള്ളവർക്ക്‌ പരാതിനൽകി.     പണം കമ്പനിക്ക്‌ അടച്ചുകഴിഞ്ഞാൽ ഇരുനൂറ്‌ ദിവസത്തിനകം മൂന്നിരട്ടി തുക നൽകുമെന്നായിരുന്നു വാഗ്‌ദാനം. കമ്പനിയുടെ ആപ്‌ വഴി പലിശ എന്ന നിലയിൽ ഓരോ ആഴ്‌ചയും തുക അപ്‌ഡേറ്റ്‌ ചെയ്യുന്ന നിലയാണ്‌ സ്വീകരിച്ചിരുന്നത്‌. ഈ രീതിയിൽ തുക നിക്ഷേപിച്ചപ്പോൾ ആദ്യ കുറച്ച്‌ മാസങ്ങൾ കൃത്യമായി തുക അക്കൗണ്ടിൽ എത്തിയെങ്കിലും പിന്നീട്‌ മുടങ്ങുകയും ഇപ്പോൾ കമ്പനി അധികൃതരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു. അൻപതിനായിരം മുതൽ ഒരു ലക്ഷംരൂപ വരെ  നഷ്‌ടമായവരുണ്ട്‌. ഊഹക്കച്ചവടത്തിലൂടെയാണ്‌ ഈ രീതിയിൽ തുക നൽകുന്നതെന്നാണ്‌ ഇവരെ വിശ്വസിപ്പിച്ചത്‌. വീട്‌ നിർമാണം, വാഹനം വാങ്ങൽ എന്നിവക്കെല്ലാം സഹായം കമ്പനി വാഗ്‌ദാനം ചെയ്‌തിരുന്നു.  പണം നഷ്‌ടപ്പെട്ട പലരും അഭിമാനം കാരണം വിവരം പുറത്തുപറയുന്നില്ലെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു. Read on deshabhimani.com

Related News