യുഡിഎഫ്‌ അക്രമത്തിന്‌ താക്കീതായി സിപിഐ എം റാലി

യുഡിഎഫ്‌ അക്രമങ്ങളിൽ പ്രതിഷേധിച്ച്‌ കൽപ്പറ്റയിൽ സിപിഐ എം നടത്തിയ റാലി ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനംചെയ്യുന്നു


കൽപ്പറ്റ യുഡിഎഫിന്റെ അക്രമത്തിനെതിരെ താക്കീതുമായി  സിപിഐ എം റാലി. സംയമനം ബലഹീനതയാണെന്ന്‌ കരുതരുതെന്ന് റാലിയിൽ  അണിനിരന്ന ആയിരങ്ങൾ യുഡിഎഫിനെ ഓർമിപ്പിച്ചു. ദിവസങ്ങളായി യുഡിഎഫുകാർ  നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചായിരുന്നു റാലി‌. എംപി ഓഫീസിലെ അനിഷ്ട സംഭവത്തിന്റെ മറവിൽ  യുഡിഎഫ്‌ പ്രവർത്തകർ അഴിഞ്ഞാടുകയായിരുന്നു.   വിവിധ ജില്ലകളിലുള്ള പ്രവർത്തകരെ എത്തിച്ച് ശനിയാഴ്ച   കൽപ്പറ്റയിൽ നടത്തിയ റാലിയിൽ വ്യാപക അക്രമണമാണ് നടത്തിയത്.  ആയിരത്തിയഞ്ഞൂറോളം പേരാണ്‌ പ്രകടനത്തിനെത്തിയത്‌. ഇവർ പല സംഘങ്ങളായി തിരിഞ്ഞ്‌ സിപിഐ എമ്മിന്റെയും വർഗബഹുജന സംഘടനകളുടെയും  കൊടികളും ബോർഡുകളും നശിപ്പിച്ചു. പള്ളിത്താഴെ പ്രവർത്തിക്കുന്ന ദേശാഭിമാനി ഓഫീസും അക്രമിച്ചു.  ഈ അക്രമണങ്ങളിൽ പ്രതിഷേധിച്ചാണ പ്രകടനം നടത്താൻ സിപിഐ എം തീരുമാനിച്ചത്‌.    കാര്യമായ തയ്യാറെടുപ്പുകൾ ഇല്ലാതിരുന്നിട്ടും മൂവായിരത്തോളംപേർ റാലിയിൽ അണിനിരന്നു. കനറാബാങ്ക്‌ പരിസരത്ത്‌ നിന്നും വൈകിട്ട്‌ നാലോടെ റാലി ആരംഭിച്ചു. യുഡിഎഫുകാർ തകർത്ത സിപിഐ എമ്മിന്റെയും സിഐടിയുവിന്റെയും കൊടികൾ ഉയർത്തിയാണ് പ്രകടനം തുടങ്ങിയത്.   യുഡിഎഫിനുള്ള ശക്തമായ മുന്നറിയിപ്പായി  റാലി മാറി. രാഹുൽഗാന്ധിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി  പലരും   വാഴകളുമായാണ്‌  എത്തിയത്‌.  പിണങ്ങോട്‌ ജങ്‌ഷൻ പരിസരത്ത്‌ നടന്ന പൊതുയോഗത്തിലും കനത്ത ഭാഷയിൽ നേതാക്കൾ യുഡിഎഫിന്‌ താക്കീത്‌ നൽകി. എസ്‌എഫ്‌ഐയുടെ സമരത്തിൽ പിഴവ്‌ സംഭവിച്ചത്‌ തുറന്ന്‌ സമ്മതിച്ചതാണ്‌. നിയമപരമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്‌. എന്നിട്ടും അക്രമം നടത്താനാണ്‌ യുഡിഎഫ്‌ തീരുമാനമെങ്കിൽ എങ്ങനെ പ്രതികരിക്കണമെന്ന്‌ സിപിഐ എമ്മിന്‌ അറിയാമെന്ന്‌ പൊതുയോഗത്തിൽ സംസാരിച്ച നേതാക്കൾ പറഞ്ഞു.   പൊതുയോഗം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന  കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം  എ എൻ പ്രഭാകരൻ സ്വാഗതവും കൽപ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ്‌ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News