‘എന്താണ്‌ സംഭവിക്കുന്നതെന്ന്‌ 
മനസ്സിലായില്ല; കല്ലുമായി അവർ 
അടുത്തുവരെയെത്തി ’



കൽപ്പറ്റ ‘എന്താണ്‌ സംഭവിക്കുന്നതെന്ന്‌ മനസ്സിലായില്ല. കൂട്ടത്തോടെയുള്ള തെറിവിളിയാണ്‌ ആദ്യം കേട്ടത്‌. എവിടെ നിന്നാണെന്ന്‌ നോക്കാനായി പുറത്തേക്ക്‌ വരുമ്പോഴേക്കും വീടിന്റെ ചുവരുകളിലും മുറ്റത്തും കല്ലുകൾ പതിച്ചു. മകളുടെ കുട്ടിയും ഒപ്പമുണ്ടായിരുന്നു. അവൾ ഭയന്ന്‌ ഓടി അകത്ത്‌ കയറി.  എന്തിനാണ്‌ കല്ലെറിയുന്നത്‌ എന്ന്‌ ഞാൻ ചോദിക്കുന്നതൊന്നും അവർ കേൾക്കുന്നുണ്ടായിരുന്നില്ല’.  ദേശാഭിമാനി ഓഫീസിന്‌ നേരെ യുഡിഎഫ്‌ പ്രവർത്തകർ നടത്തിയ അക്രമം റംല തോപ്പിൽ വിവരിച്ചു.  ദേശാഭിമാനി ഓഫീസ്‌ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയായ ഇവർ താഴത്തെ നിലയിലാണ്‌ കുടുംബസമേതം താമസിക്കുന്നത്‌.  ‘അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ആദ്യം പതറിയെങ്കിലും അവിടെതന്നെ നിന്നു. കല്ലുകൾ തൊട്ടടുത്തുവരെയെത്തി. തലനാരിഴയ്‌ക്കാണ്‌ അപകടം ഒഴിവായത്‌.  വീടിന്റെ മുൻഭാഗത്തെ തൂണ്‌ പൊട്ടി. ചൂച്ചട്ടികളും തകർന്നു. കല്ലുമായി ചിലർ അടുത്തുവരെയെത്തി.  താൻ മാറില്ലെന്ന്‌ കണ്ടപ്പോഴാണ്‌ അക്രമികൾ മടങ്ങിയത് ’–-റംല പറഞ്ഞു. കഴിഞ്ഞ 10 വർഷമായി കൽപ്പറ്റ പള്ളിത്താഴെ റോഡിലുള്ള ഇവരുടെ കെട്ടിടത്തിലാണ്‌ ദേശാഭിമാനി വയനാട്‌ ബ്യൂറോ പ്രവർത്തിക്കുന്നത്‌. മുകൾ നിലയിൽ ഓഫീസും താഴെ ഇവരുടെ വീടുമാണ്‌. Read on deshabhimani.com

Related News