ബീനാച്ചി എസ്‌റ്റേറ്റിലേക്ക്‌ കർഷകസംഘം മാർച്ച്‌



  ബത്തേരി ബീനാച്ചി എസ്‌റ്റേറ്റിലെ കാടുകൾ വെട്ടിത്തെളിക്കണമെന്ന ആവശ്യമുന്നയിച്ച്‌ കർഷകസംഘം ബത്തേരി വില്ലേജ്‌ കമ്മിറ്റി നേതൃത്വത്തിൽ എസ്‌റ്റേറ്റിലേക്ക്‌ മാർച്ച്‌ നടത്തി. ദേശീയപാതയും ബീനാച്ചി–-നടവയൽ റോഡും അതിരായി വരുന്ന നിരവധി ഹെക്ടറായി വ്യാപിച്ചുള്ള എസ്‌റ്റേറ്റിന്റെ പലഭാഗവും കാടുമൂടിയതിനാൽ വർഷങ്ങളായി വന്യജീവികളുടെ വിഹാരകേന്ദ്രമാണ്‌. കടുവയും പുലിയും പന്നിയും ഉൾപ്പെടെയുള്ള മൃഗങ്ങൾ എസ്‌റ്റേറ്റിൽ വസിക്കുകയും പുറത്ത്‌ ഇരതേടുകയും ചെയ്യുന്നത്‌ പരിസരത്ത്‌ താമസിക്കുന്നവരുടെയും അവരുടെ വളർത്തുമൃഗങ്ങളുടെയും ജീവന്‌ ഭീഷണിയാണ്‌. ഇതിനകം നിരവധി വളർത്തുമൃഗങ്ങളെയാണ്‌ കടുവയും പുലിയും കൊന്നത്‌. വാഹന യാത്രക്കാർക്കും വന്യമൃഗങ്ങൾ ഭീഷണിയാണ്‌. എസ്‌റ്റേറ്റിലെ കാടുവെട്ടാൻ മാനേജ്‌മെന്റ്‌ അടിയന്തര നടപടിയെടുക്കണമെന്ന്‌ സമരത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ടി ബി സുരേഷ്‌ ഉദ്‌ഘാടനംചെയ്‌തു. ഫ്രാങ്ക്‌ളിൻ ബേബി അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്‌, ബേബി വർഗീസ്‌, ടി കെ ശ്രീജൻ, പി കെ രാമചന്ദ്രൻ, കെ എം സുജിത്ത്‌ എന്നിവർ സംസാരിച്ചു. ടി പി പ്രമോദ്‌ സ്വാഗതവും എം സി രവീന്ദ്രൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News