ചെളിക്കുളമായി പാളക്കൊല്ലി –-- ചേകാടി റോഡ്‌



പുൽപ്പള്ളി ഭൂരിഭാഗവും ഗോത്ര ജനത താമസിക്കുന്ന ചേകാടിയിലേക്കുള്ള റോഡ് പാളക്കൊല്ലി ഭാഗത്ത്‌ അര കിലോമീറ്ററോളം ചെളിക്കുളമായിട്ട് രണ്ട് വർഷമായിട്ടും അധികൃതർക്ക്‌ അനങ്ങാപ്പാറ നയം. പുൽപ്പള്ളി–-വട്ടാനക്കവല–-പാളക്കൊല്ലി വഴിയാണ് ചേകാടിയിലേക്കള്ള വനപാത. കെഎസ്ആർടിസി ബസ്സും നിരവധി മറ്റു വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നു. ചേകാടിയിൽനിന്ന് പുൽപ്പള്ളി, മുള്ളൻകൊല്ലി ടൗണുകളിൽ എത്താൻ ഏക ഗതാഗതമാർഗമാണിത്.  റോഡ് അടിയന്തരമായി നന്നാക്കിയില്ലെങ്കിൽ ബസ്‌ സർവീസ് നിലയ്ക്കുമോ എന്ന ഭയപ്പാടിലാണ് ജനങ്ങൾ. റോഡിന്റെ ഒരതിർത്തി പുൽപ്പള്ളി പഞ്ചായത്തും മറ്റേഭാഗം മുള്ളൻകൊല്ലി പഞ്ചായത്തുമാണ്. രണ്ട്‌ പഞ്ചായത്തധികൃതരും സഹകരിച്ച് റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ടിടത്തും യുഡിഎഫ്‌ ഭരണസമിതിയാണ്‌. പഞ്ചായത്ത്‌ ഭരണസമിതികളുടെ പിടിപ്പുകേടാണ്‌ റോഡ്‌ തകർന്നുകിടക്കാൻ കാരണം. മഴ പെയ്‌താൽ ഈ റോഡിലൂടെയുള്ള യാത്ര കൂടുതൽ ദുസ്സഹമാകും. Read on deshabhimani.com

Related News