5 വർഷത്തിനിടെ കൊന്നത്‌ 10 പേരെ

ആനന്ദിന്റെ മൃതദേഹത്തിനരികിൽ പൊട്ടിക്കരയുന്ന ബന്ധുക്കൾ


  ഗൂഡല്ലൂർ അഞ്ചുവർഷത്തിനിടെ ഓവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്‌ 10 പേർക്ക്‌.  വ്യാഴം  രാവിലെ ചായക്കട തുറക്കാൻ പോയ  ആറാട്ടുപാറ തിരുവള്ളുവർ നഗർ സ്വദേശി ആനന്ദിനെ ഒറ്റയാൻ ചവിട്ടിക്കൊന്നത്‌ നാടിനെ നടുക്കി. നിലവിളികേട്ട്‌ ആളുകൾ എത്തുമ്പോഴേക്കും ആനന്ദൻ ആനക്കലിക്ക്‌ ഇരയായിരുന്നു.  ആഴ്‌ചകളായി പ്രദേശത്ത്‌ ചുറ്റിക്കറങ്ങിയ കൊമ്പനാണ്‌ ജീവനെടുത്തത്‌. പ്രദേശത്ത്‌ കാട്ടാനശല്യം അതിരൂക്ഷമാണ്‌. പകൽപോലും ആനകളെത്തുകയാണ്‌. ഭീതിയോടെയാണ്‌  ഗ്രാമവാസികൾ കഴിയുന്നത്‌. കൃഷി പുർണമായി നശിപ്പിക്കുകയാണ്‌. വീടുകൾ, വാഹനങ്ങൾ, കടകൾ എന്നിവയെല്ലാം കേടുവരുത്തുകയാണ്‌.  രണ്ടുമാസത്തിലധികമായി സുഭാഷ് നഗർ, ഭാരതി നഗർ,  തിരുവള്ളുവർ നഗർ, ആറാട്ടുപാറ, സെൽവപുരം ഭാഗങ്ങളിൽ കാട്ടാനകൾ കൂട്ടമായി ചുറ്റുകയാണ്‌. ആളുകൾക്ക്‌ ജോലിക്ക്‌ പോകാൻപോലും കഴിയുന്നില്ല. ആനന്ദിന്റെ മരണത്തെ തുടർന്ന്‌ വൻ പ്രതിഷേധമാണ്‌ നാട്ടുകാർ ഉയർത്തിയത്‌. മൃതദേഹം എടുക്കാൻ സമ്മതിച്ചില്ല.  കാട്ടാനയെ പിടിക്കണമെന്നും കുടുംബത്തിന്‌ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.  ഗൂഡല്ലൂർ ആർഡിഒ ശരവണ കണ്ണൻ,  ഡിഎഫ്ഒ ഓംകാരം, എംഎൽഎ ജയശീലൻ തുടങ്ങിയവർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ചനടത്തി.  വനംമന്ത്രിയുമായി ബന്ധപ്പെട്ട്‌  കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകാനും കുടുംബത്തിൽ ഒരാൾക്ക്‌ സർക്കാർ ജോലി നൽകാനും തീരുമാനമായി. കുങ്കിയാനകളെ കൊണ്ടുവന്ന്‌ അക്രമകാരിയായ  ഒറ്റയാനെ പിടികൂടുമെന്നും ഉറപ്പുനൽകിയതോടെയാണ്‌ മൃതദേഹം ആശുപത്രിയിലേക്ക്‌ മാറ്റാൻ നാട്ടുകാർ അനുവദിച്ചത്‌.   ചക്ക, മാങ്ങ സീസൺ ആയതോടെ ഗൂഡല്ലൂർ,  പന്തല്ലൂർ താലൂക്കുകളിൽ ആനശല്യം അതിരൂക്ഷമായി.   വ്യാഴം വൈകിട്ടോടെ മുതുമലയിൽനിന്ന്‌ കുങ്കിയാനകളെ എത്തിക്കുകയും ചെയ്‌തു.  Read on deshabhimani.com

Related News