പട്ടികവർഗ വിദ്യാർഥികൾക്ക്‌ 
പഠനയാത്രയൊരുക്കി നഗരസഭ

ഫ്ലൈ ഹൈ പഠനയാത്രയിൽ പങ്കെടുത്ത കുട്ടികളും അധ്യാപകരും ഊരുകൂട്ടം വളന്റിയർമാരും


ബത്തേരി ഫ്ലൈ ഹൈ പദ്ധതിയുടെ ഭാഗമായി പട്ടികവർഗ വിദ്യാർഥികൾക്ക്‌ ട്രെയിൻയാത്രയും കടൽക്കാഴ്‌ചയും സമ്മാനിച്ച്‌ ബത്തേരി നഗരസഭ. 2022–-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ നഗരസഭ ഫ്ലൈ ഹൈ പദ്ധതി നടപ്പാക്കുന്നത്‌.  നാലു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന പ്രതിഭാനിർണയ പരീക്ഷയിലൂടെ തെരഞ്ഞെടുത്ത100 കുട്ടികൾക്ക്‌ 120 മണിക്കൂർ സമഗ്ര പരിശീലനം നൽകി എൽഎസ്‌എസ്‌, യുഎസ്‌എസ്‌ എൻഎംഎംഎസ്‌, സൈനിക്‌ സ്‌കൂൾ, നവോദയ സ്‌കൂൾ പരീക്ഷകൾക്ക്‌ ഒരുങ്ങുന്നതിന്‌ ഭാഷ, ഗണിതം, പൊതുവിജ്ഞാനം, ശാസ്‌ത്രം, മെന്റൽ എബിലിറ്റി സ്‌കൊളാസ്‌റ്റിക്‌ എബിലിറ്റി എന്നിവയിൽ പരിശീലനം നൽകുകയും ദിവസവും മാതൃകാ പരീക്ഷകൾ, പ്രോഗ്രസ്‌ കാർഡ്‌, ഉച്ചഭക്ഷണം, യാത്രാബത്ത  എന്നിവയും നടപ്പാക്കുന്നു.  ഇതിന്റെ ഭാഗമായാണ്‌ വിദൂരത്തും ദുർഘടവുമായ സാഹചര്യത്തിൽ കോളനികളിൽ താമസിക്കുന്ന കുട്ടികൾക്ക്‌ വേറിട്ട അനുഭവം പ്രദാനം നൽകി കോഴിക്കോട്ടേക്ക്‌ പഠനയാത്ര സംഘടിപ്പിച്ചത്‌. ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്ത്‌ നിന്നും രണ്ട്‌ ബസുകളിലാണ്‌ യാത്ര പുറപ്പെട്ടത്‌.  87 കുട്ടികളും അഞ്ച്‌ അധ്യാപകരും നാല്‌ ഊരുകൂട്ടം വളന്റിയർമാരും പങ്കെടുത്തു. നഗരസഭ ചെയർമാൻ ടി കെ രമേശ്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു. കോഴിക്കോട്‌ എൻഐടി, ഐഐഎം , മെഡിക്കൽ കോളേജ്‌ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും നക്ഷത്ര ബംഗ്ലാവും  സന്ദർശിച്ച ശേഷം ട്രെയിൻയാത്രയും കടലും കണ്ടാണ്‌ മടങ്ങിയത്‌. ചില കുട്ടികളും രക്ഷിതാക്കളും ആദ്യമായാണ്‌ പഠനയാത്രയിലൂടെ ചുരമിറങ്ങിയത്‌.  നഗരസഭ വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ പി എ അബ്ദുൾ നാസർ, പ്രധാനാധ്യാപകരായ ജിജി ജേക്കബ്‌, കെ കമലം, മനോജ്‌ മാത്യു, കെ സുധി, എൽ രേശ്‌മ എന്നിവർ യാത്രക്ക്‌ നേതൃത്വം നൽകി. Read on deshabhimani.com

Related News