കുതിപ്പിനൊരുങ്ങി വയനാട്‌

സംസ്ഥാന കായികമേളക്ക് പങ്കെടുക്കുന്ന ജില്ലയിലെ കായിക താരങ്ങൾ ജില്ലാ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നു


 കൽപ്പറ്റ  സംസ്ഥാന സ്‌കൂൾ കായികമേളയിൽ ജില്ലയിൽനിന്നുള്ള താരങ്ങൾ ഇത്തവണ മിന്നും. അന്താരാഷ്ട്ര നിലവാരത്തിലുള്ള മുണ്ടേരി മരവയലിലെ ജില്ലാ സ്‌റ്റേഡിയത്തിൽ താരങ്ങൾക്കുള്ള പരിശീലനം തുടങ്ങി.  ജില്ലാ സ്പോർട്സ് ഹോസ്റ്റൽ മുഖ്യ പരിശീലകൻ ടി ത്വാലിബിന്റെ നേതൃത്വത്തിലാണ് 28വരെ പരിശീലനം. നാല് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ ജില്ലയിലെ മുഴുവൻ കായിക അധ്യാപകരുടെ സേവനവുമുണ്ട്‌. ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് സംസ്ഥാന സ്കൂൾ കായികമേള. സംസ്ഥാനതല മത്സരങ്ങൾക്ക്‌ യോഗ്യത നേടിയ 202 അംഗസംഘമാണ്‌ ക്യാമ്പിലുള്ളത്‌. ഇവരിൽ 95 പേർ പെൺകുട്ടികളാണ്. റസിഡൻഷ്യൽ ക്യാമ്പിൽ രാവിലെ ഏഴുമുതൽ ഒമ്പതുവരെയും വൈകിട്ട് നാലുമുതൽ 6.30 വരെയും രണ്ട്‌ സെഷനുകളായാണ്‌ പരിശീലനം. ജില്ലാ പഞ്ചായത്തിന്റെ വൺ സ്കൂൾ വൺ ഗെയിം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്. കായികതാരങ്ങൾക്കുള്ള ജേഴ്സികളും ജില്ലാ പഞ്ചായത്ത് ലഭ്യമാക്കും. പരിശീലനത്തിനായി സ്റ്റേഡിയം സൗജന്യമായി വിട്ടുനൽകാൻ തയ്യാറാണെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ നേരത്തെ തന്നെ ജില്ലാ ഭരണവിഭാഗത്തെ അറിയിച്ചിരുന്നു.    ജില്ലയുടെ ചരിത്രത്തിലാദ്യമായി സിന്തറ്റിക്ക് ട്രാക്കിലായിരുന്നു ഇത്തവണ ജില്ലാ കായികമേള. സിന്തറ്റിക് ട്രാക്കിൽ പരിശീലിക്കുന്നത് കായികതാരങ്ങൾക്ക് വളരെയധികം ഗുണകരമാവും. തുടർച്ചയായ സിന്തറ്റിക് ട്രാക്കിലുള്ള പരിശീലനം കായികക്ഷമത വർധിപ്പിക്കാൻ സഹായകമാകുമെന്ന്‌ പരിശീലകർ പറഞ്ഞു. ദേശീയ നിലവാരത്തിലുള്ള മത്സരങ്ങൾ നടത്താൻ അനുയോജ്യമായ എട്ട് ലൈനുകളുള്ള 400 മീറ്റർ സിന്തറ്റിക് ട്രാക്ക് ഇവിടെയുണ്ട്‌. Read on deshabhimani.com

Related News