എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി



  കൽപ്പറ്റ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തടയുന്നതിനായി ജില്ലയിൽ രൂപീകരിച്ച എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ  പ്രവർത്തനം തുടങ്ങി. വൈത്തിരി പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളടക്കം പിടിച്ചെടുത്തു. പിഴയും ചുമത്തി. ഇന്റേണൽ വിജിലൻസ് ഓഫീസർ വി എം അബ്ദുള്ള, ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസ് ജൂനിയർ സൂപ്രണ്ട് എം ഷാജു, ശുചിത്വ മിഷൻ അസിസ്റ്റന്റ്‌ കോ -ഓർഡിനേറ്റർ റഹിം ഫൈസൽ,  സുഗന്ധഗിരി കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി ഷാജി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, മാലിന്യങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾ, മാലിന്യ സംസ്‌ക്കരണം കൃത്യമായ രീതിയിൽ നടത്താത്ത സ്ഥാപനങ്ങൾ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക, മാലിന്യങ്ങൾ തരംതിരിക്കാതെ പൊതുസ്ഥലത്ത് കൂട്ടിയിടുകയോ വലിച്ചെറിയുകയോ ചെയ്യുക എന്നിവക്കെതിരെയും നടപടി ഉണ്ടാകും. പരിശോധന വരും ദിവസങ്ങളിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.   Read on deshabhimani.com

Related News