ചേകാടിയിൽ സഹോദരങ്ങളെ കാട്ടാന ആക്രമിച്ചു

ബാലൻ


  പുൽപ്പള്ളി  വയനാട്ടിൽ വീണ്ടും മനുഷ്യർക്കുനേരെ വന്യമൃഗ ആക്രമണം. പുൽപ്പള്ളി ചേകാടിയിൽ മൃതദേഹ സംസ്‌കാര ചടങ്ങുകൾക്കിടെ സഹോദരങ്ങളെ കാട്ടാന ആക്രമിച്ചു. വിലങ്ങാടി ഊരാളി ആദിവാസി കോളനിയിലെ സുകുമാരൻ (45), ബാലൻ (42) എന്നിവരെയാണ്‌ കാട്ടാന ആക്രമിച്ചത്‌. ബാലന്റെ ഒരു ചെവി അറ്റുപോയി. മറ്റേ ചെവിക്ക് ഗുരുതര മുറിവുമുണ്ട്. തോളെല്ലിനും സാരമായി പരിക്കേറ്റു. സുകുമാരന്റെ കൈക്ക് പൊട്ടലുണ്ട്. ഇരുവരും വയനാട് മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്.  വിലങ്ങാടി കോളനിയിലെ സോമൻ (70) ചൊവ്വ രാത്രി മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കാൻ കാടിനടുത്തുള്ള പരമ്പരാഗത ശ്മശാനത്തിൽ ഒരുക്കങ്ങൾക്കായി പോകുകയായിരുന്നു മക്കളായ സുകുമാരനും ബാലനും. ബുധൻ പകൽ 11ഓടെ ശ്‌മശാനത്തിലേക്ക്‌ നടക്കുന്നതിനിടെയാണ്‌ ഇവരെ കാട്ടാന ആക്രമിച്ചത്‌. സമീപത്തെ വനത്തിൽനിന്നെത്തിയ ആന ബാലനെയാണ്‌ ആദ്യം ആക്രമിച്ചത്‌. തുടർന്ന്‌ സുകുമാരനെയും ആക്രമിച്ചു. സുകുമാരൻ ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് പരിസരവാസികൾ ഒച്ചവച്ചതോടെ ആന വനത്തിലേക്ക് പിൻമാറി. മൂന്നുവശം വനത്താലും ഒരു ഭാഗം കബനി നദിയാലും ചുറ്റപ്പെട്ടതാണ് ചേകാടി. 95 ശതമാനവും ഗോത്ര കുടുംബങ്ങളാണ്. പുൽപ്പള്ളിയിൽനിന്ന്‌ ചേകാടി റോഡിൽ ഉദയക്കര മുതൽ ചേകാടി വരെ ഇരുവശവും വനമാണ്. പകൽ സമയത്തുപോലും കാട്ടാനകൾ കൂട്ടമായി  ഇറങ്ങുന്ന പ്രദേശമാണിത്‌. ആന പ്രതിരോധത്തിന് കിടങ്ങുകളോ ഫെൻസിങ്ങോ ഇല്ലാത്തത്‌ പ്രദേശവാസികളുടെ ജീവനും സ്വത്തിനും വൻ ഭീഷണിയാകുകയാണ്‌. നേരത്തെയും പലതവണ ഇവിടെ ആളുകൾക്കുനേരെ കാട്ടാന ആക്രമണമുണ്ടായിട്ടുണ്ട്‌.  കഴിഞ്ഞ 12ന്‌ മാനന്തവാടി പുതുശ്ശേരി ആലയ്‌ക്കൽ പള്ളിപ്പുറത്ത്‌ തോമസിനെ കടുവ ആക്രമിച്ച്‌ കൊലപ്പെടുത്തിയിരുന്നു. ഒമ്പതിന്‌ ബത്തേരി നഗരത്തിൽ ഇറങ്ങിയ പി എം 2 എന്ന കാട്ടാന വഴിയാത്രക്കാരനെ ആക്രമിച്ചിരുന്നു. ജില്ലയിൽ പലയിടത്തും വന്യമൃഗ ആക്രമണം രൂക്ഷമാകുന്നതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നതിനിടെയാണ്‌ വീണ്ടും ആനയുടെ പരാക്രമം. Read on deshabhimani.com

Related News