സംഘടനാ തെരഞ്ഞെടുപ്പ്‌: ലീഗിൽ വിഭാഗീയത രൂക്ഷം



കൽപ്പറ്റ മുസ്ലിംലീഗ്‌ സംഘടനാ തെരഞ്ഞെടുപ്പ്‌ പശ്‌ചാത്തലത്തിൽ ജില്ലയിൽ ഗ്രൂപ്പ്‌ യോഗങ്ങൾ സജീവം. പാർടി ജില്ലാ നേതൃത്വവും അതുവഴി വയനാട് മുസ്ലിം യത്തീംഖാനയും കൈപ്പടിയിലാക്കാനുള്ള നീക്കമാ ഇരുവിഭാഗവും നടത്തുന്നത്‌.  ഇതിന്റെ ഭാഗമായി  കഴിഞ്ഞ ദിവസം പനമരത്ത്‌ ഒരു വിഭാഗം രഹസ്യയോഗം ചേർന്നു. കെ എം ഷാജിയെ അനുകൂലിക്കുന്നവരും  എതിർക്കുന്നവരുമായ രണ്ട്‌ ഗ്രൂപ്പുകളാണ്‌ ജില്ലയിലുള്ളത്‌. എതിർക്കുന്ന വിഭാഗത്തിനാണ്‌  നിലവിൽ മുൻതൂക്കം.   വിഭാഗീയത ഏറ്റവും കൂടുതൽ മാനന്തവാടി മണ്ഡലത്തിലാണ്‌. പനമരം നാലാം മൈലിലാണ്‌ ഷാജി വിരുദ്ധരുടെ രഹസ്യയോഗം രണ്ടുദിവസം മുമ്പ്‌  നടന്നത്‌.  ജില്ലയിലെ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. വയനാട്‌  യത്തീംഖാനയുടെ കീഴിൽ ജില്ലയിൽ 25 വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്‌.  പ്രവർത്തകർക്കിടയിൽ വലിയ സ്വാധീനവും സ്ഥാപനത്തിനുണ്ട്‌. അതുകൊണ്ടുതന്നെ സ്ഥാപനത്തിന്റെ താക്കോൽസ്ഥാനം കൈക്കലാക്കുക എന്നത്‌ ഇരു വിഭാഗത്തിനും വെല്ലുവിളിയാണ്‌.  ഈ ലക്ഷ്യം മുൻനിർത്തിയായിരുന്നു പനമരം യോഗത്തിലെ പ്രധാന ചർച്ച. ലീഗ്‌ ട്രഷറർ കൂടിയായ എം എ മുഹമ്മദ്‌ ജമാലാണ്‌ നിലവിൽ യത്തീംഖാന ജനറൽ സെക്രട്ടറി. വർഷങ്ങളായി യത്തീംഖാനയുടെ ചുമതല വഹിക്കുന്ന ഇദ്ദേഹത്തെ മാറ്റാനാണ്‌ ഒരു വിഭാഗത്തിന്റെ ശ്രമം. ഇതിനായി പ്രായാധിക്യമടക്കമുള്ള കാര്യങ്ങൾ ഉയർത്തിക്കൊണ്ടുവരും. പകരം ബത്തേരി സ്വദേശിയായ ഒരാളെ മുന്നിൽ നിർത്താനുള്ള നീക്കവും നടക്കുന്നുണ്ട്‌. എതിർപക്ഷത്തുള്ള  പ്രമുഖ യുവ നേതാവ്‌ സുപ്രധാന സ്ഥാനത്ത്‌ എത്തിയേക്കുമെന്ന ആശങ്കയും യോഗത്തിൽ ചിലർ യോഗത്തിൽ ഉന്നയിച്ചു. ഈ നീങ്ങളെ ശക്തമായി എതിർക്കാൻ ഒരുങ്ങുകയാണ്‌ മറുപക്ഷം. ഇതിന്റെ ഭാഗമായി പനമരം യോഗത്തിനെതിരെ സംസ്ഥാന നേതൃത്വത്തിന്‌ ഇവർ പരാതിനൽകി. Read on deshabhimani.com

Related News