മകരക്കുളിരിൽ വിറച്ച്‌ ജില്ല



കൽപ്പറ്റ മകരമഞ്ഞിൽ തണുത്തുവിറച്ച്‌ ജില്ല. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി ജില്ലയിൽ റെക്കോഡ്‌ തണുപ്പായിരുന്നു. തിങ്കളാഴ്‌ച 12.6 ഡിഗ്രി സെൽഷ്യസായിരുന്നു താപനില.  ചൊവ്വ 12.9 ഡിഗ്രി സെൽഷ്യസും.  കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഇതാദ്യമായാണ്‌ താപനില ഇത്രയും കുറയുന്നതെന്ന്‌ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥ ശാസ്‌ത്രജ്ഞൻ പി ഷജീഷ്‌ ജാൻ  പറഞ്ഞു.     നട്ടുച്ചയായിട്ടുപോലും തണുപ്പ്‌ കുറഞ്ഞില്ല.  രാവിലെ പത്തോടെയാണ്‌ മഞ്ഞുമാറി വെയിൽ പരന്നത്‌.  ഇത്തവണ തണുപ്പ്‌ മുൻ വർഷങ്ങളേ അപേക്ഷിച്ച്‌ വളരെ കൂടുതലാണ്‌. അന്തരീക്ഷത്തിൽ കാർമേഘം കുറഞ്ഞതും കാറ്റിന്റെ വേഗക്കുറവും തെളിഞ്ഞ ആകാശവും കാരണം തണുപ്പ്‌ കൂടുന്നു. മുൻ വർഷം ജനുവരി 24ന്‌ 18.1 ഉം 25ന്‌ 17.7 ഉം ആയിരുന്നു താപനില.   വയനാടൻ മഞ്ഞും തണുപ്പും അനുഭവിച്ചറിയാൻ  ഇത്തവണ ജില്ലയിലേക്ക്‌ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. കോവിഡ്‌ അടച്ചുപൂട്ടലിനുശേഷം തുറന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ ദിവസേന ആയിരങ്ങളാണ്‌ എത്തിയത്‌. എന്നാൽ മൂന്നാം തരംഗ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയതിനാൽ സഞ്ചാരികൾക്ക്‌ അവസരം നഷ്‌ടമായി. കോവിഡ്‌ പ്രതിസന്ധിയിലാക്കിയ ടൂറിസം മേഖല ഉണർന്നുവരുന്നതിനിടെയാണ്‌ ആഘാതമായി മൂന്നാം തരംഗം വ്യാപിച്ചത്‌. തണുപ്പ്‌ കൂടുന്നതോടെ പനിയും അനുബന്ധ രോഗങ്ങളും പടരുന്നുണ്ട്‌. കോവിഡ്‌ അനിയന്ത്രിതമായി കൂടാനും തണുപ്പ്‌ ഇടയാക്കുന്നുണ്ട്‌. Read on deshabhimani.com

Related News