തീയിട്ടതെന്ന്‌ പൊലീസ്‌ നിഗമനം



  പനമരം കീഞ്ഞുകടവിലെ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരത്തിന് ബോധപൂർവം തീയിട്ടതാണെന്ന നിഗമനത്തിൽ പൊലീസ്. രണ്ടാമതും അഗ്നിബാധയുണ്ടായത്‌ ആകസ്മികമല്ലെന്നാണ് പൊലീസ് വിലയിരുത്തൽ.   പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കി. ചില മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.  തീപിടിത്തത്തിൽ രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പഞ്ചായത്തിന് ഉണ്ടായിട്ടുള്ളത്. മിനി എംസിഎഫിന്റെ  ഷീറ്റുകളുൾപ്പെടെ കത്തി.  പനമരം പഞ്ചായത്തിലെ ഹരിതകർമ സേന അംഗങ്ങൾ വീടുകളിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രത്തിലാണ് തുടർച്ചയായി തീപിടിത്തമുണ്ടായത്‌.  20ന്‌ രാത്രിയാണ്‌ ആദ്യം തീപിടിത്തമുണ്ടായത്‌. പിന്നീട്‌ 22ന്‌ രാത്രിയും അഗ്നിബാധയുണ്ടായി. മാനന്തവാടിയിൽനിന്നെത്തിയ  അഗ്‌നി രക്ഷാസംഘമാണ്‌ തീയണച്ചത്. പഞ്ചായത്തിന്റെ പരാതിയിൽ പൊലീസ്‌ അന്വേഷണം നടക്കുന്നതിനിടയിലായിരുന്നു വീണ്ടും അഗ്നിബാധ.  ആദ്യതീപിടിത്തത്തിൽ കത്താതെ ബാക്കിയുണ്ടായിരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തിയമർന്നു. നേരത്തെ ഫോറൻസിക്‌ വിദഗ്‌ധരും പരിശോധന നടത്തിയിരുന്നു. ഇടവിട്ടുള്ള അഗ്നിബാധയിൽ ദുരൂഹത വർധിച്ചു. കീഞ്ഞുകടവിലേക്ക് മാലിന്യം കൊണ്ടുവരുന്നത്‌ നേരത്തെ മൂന്നുതവണ പ്രദേശവാസികൾ തടഞ്ഞിരുന്നു. വാഹനം തടയാനെത്തിയ ആറുപേരെ പൊലീസ് അറസ്റ്റ്ചെയ്യുകയും ചെയ്തിരുന്നു. Read on deshabhimani.com

Related News