നാടിന്‌ നൊമ്പരമായി 
ശിവപാർവണ



  മീനങ്ങാടി   ശിവപാർവണയുടെ ദാരുണ മരണം മീനങ്ങാടിക്ക്‌ നൊമ്പരമായി.  ശനി പകൽ പത്തരയോടെ മലക്കാട്‌ പുഴയിൽ കാണാതായ മേപ്പാടി മാനിവയൽ തട്ടാരത്തൊടി ഷിജു–-ധന്യ ദമ്പതികളുടെ രണ്ടര വയസ്സുകാരിയായ മകൾ ശിവപാർവണയുടെ മൃതദേഹം ഞായർ പകൽ പന്ത്രണ്ടോടെയാണ്‌ കുട്ടിരായിൽ പാലത്തിന്‌ സമീപം രക്ഷാ പ്രവർത്തകർ കണ്ടെടുത്തത്‌. കുട്ടിയെ കാണാതായത്‌ മുതൽ പൊലീസും അഗ്നിരക്ഷാസേനയും തുർക്കി ജീവൻരക്ഷാ സമിതിയും നാട്ടുകാരും ചേർന്ന്‌ തിരച്ചിൽ തുടരുന്നതിനിടെയാണ്‌ മൃതദേഹം കിട്ടിയത്‌.    അച്ഛനും അമ്മക്കും രണ്ട്‌ മൂത്ത സഹോദരങ്ങൾക്കുമൊപ്പം ഏഴ്‌ ദിവസം മുമ്പാണ്‌ ശിവപാർവണ പുഴങ്കുനിയിലെ അമ്മയുടെ സഹോദരിയുടെ വീട്ടിൽ വിരുന്നിനെത്തിയത്‌. വീടിന്റെ 50 മീറ്റർ മാറി ഒഴുകുന്ന പുഴയിലാണ്‌  ഒഴുക്കിൽപ്പെട്ടത്‌. കുട്ടിയെ കാണാതായതോടെ പരിസരങ്ങളിൽ ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിൽ വിഫലമായതോടെയാണ്‌ പുഴയിൽ അകപ്പെട്ടതായി സംശയിച്ചത്‌. പുഴയരികിൽ കുട്ടിയുടെ കാൽപ്പാടുകൾ കണ്ടതോടെ സംശയം വർധിച്ചു. ഇതോടെയാണ്‌ പുഴയിൽ കിലോ മീറ്ററുകളോളം ദൂരത്തിൽ തിരച്ചിൽ നടത്തിയത്‌. മൃതദേഹം കണ്ടെത്തിയതോടെ നിവധിപേർ മിൽമ ചില്ലിങ്‌ പ്ലാന്റിന്‌ സമീപത്തെ പുഴയരികിലെത്തി. പലരും വിതുമ്പലടക്കാൻ പാടുപെട്ടു.  ഷിജു–-ധന്യ ദമ്പതികൾക്ക്‌ മൂത്ത രണ്ട്‌ ആൺമക്കൾ ജനിച്ചശേഷം 12 വർഷം കഴിഞ്ഞ്‌ പിറന്ന കുട്ടിയാണ്‌ ശിവപാർവണ. വൈത്തിരി താലൂക്ക്‌ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന്‌ ശേഷം മൃതദേഹം ഷിജുവിന്റെ മേപ്പാടിയിലെ തറവാട്‌ വീട്ടിലെത്തിച്ച്  സംസ്‌കരിച്ചു. നിരവധിപേരാണ്‌ ‌ അന്ത്യോപചാരം അർപ്പിക്കാനെത്തിയത്‌. Read on deshabhimani.com

Related News