ജയരാജിന്‌ സർക്കാർ ജോലി;
ഇനി കാടിന്‌ കാവൽ



മാനന്തവാടി കാട്ടിൽനിന്ന്‌ തേനെടുത്ത്‌ മടങ്ങുമ്പോഴാണ്‌ ജയരാജിന്‌ ഒ ആർ കേളു എംഎൽഎയുടെ ഫോൺവിളിയെത്തിയത്‌. വനം വകുപ്പിൽ വാച്ചറായി സർക്കാർ ജോലി നൽകിയ വിവരം പറഞ്ഞതോടെ സന്തോഷം തേനിനേക്കാൾ മധുരിച്ചു. വിവരം അറിഞ്ഞ്‌ അമ്മ കാളിയുടെ കണ്ണ്‌ നിറഞ്ഞു. ‘ജോലി തന്ത സർക്കാർക്ക നന്ദി’–-ഗോത്രഭാഷയിൽ ആഹ്ലാദം പങ്കിട്ടു. തിരുനെല്ലി ബേഗൂർ കോളനിയിലെ കാളിക്കും കുടുംബത്തിനും ഇനി പുതുജീവിതമാണ്‌.  മകന്‌ ജോലി കിട്ടിയ സന്തോഷത്തിനൊപ്പം ഭർത്താവിന്റെ മരണം നെഞ്ചിൽ നീറി പുകയുന്നുണ്ട്‌. വനം വകുപ്പ്‌ വാച്ചറായിരുന്ന ഭർത്താവ്‌ ബൊമ്മൻ ജോലിക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ്‌. 2016 സെപ്തംബർ 20ന്‌ ആയിരുന്നു കാട്ടാനക്കലിയിൽ ബൊമ്മന്റെ ജീവൻ നഷ്ടമായത്‌. വർഷങ്ങൾ പിന്നിട്ടിട്ടും കുടുംബത്തിന്‌ ദുഃഖമകന്നിട്ടില്ല.  ബുധനാഴ്‌ചത്തെ മന്ത്രിസഭാ യോഗത്തിലാണ്‌ ജയരാജന്‌ സർക്കാർ വകുപ്പിൽ ജോലി നൽകാൻ തീരുമാനിച്ചത്‌. വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ തസ്തികയിൽ  സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് ജോലി നൽകുക. അമ്മയോടൊപ്പം ഭാര്യയും മൂന്ന്‌ മക്കളുമായാണ്‌ ജയരാജന്റെ ജീവിതം. ഭാര്യ ബി എം വിമല മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിലെ എൽഡിഎഫ്‌ അംഗമാണ്‌.  കുടുംബം ഒന്നാകെ  സർക്കാരിനോടും ജോലി നൽകാനായി പരിശ്രമിച്ച  ഒ ആർ കേളു എംഎൽഎയ്‌ക്കും നന്ദി പറയുകയാണ്‌. മക്കളായ അനിലും അഖിലും അഖിലയും അച്ഛന്‌ ജോലി ലഭിച്ചതിന്റെ  ആഹ്ലാദത്തിലാണ്‌.   Read on deshabhimani.com

Related News