നിർമാണമേഖല സ്‌തംഭിക്കുന്നു.



കൽപ്പറ്റ അസംസ്‌കൃത വസ്‌തുക്കളുടെ വിലവർധനയിൽ നിർമാണമേഖല സ്‌തംഭിക്കുന്നു. കമ്പി, സിമന്റ്‌, മണൽ, മെറ്റൽ, ചെങ്കല്ല്‌‌  എന്നിവയുടെ വില വർധനയിൽ നിർമാണ മേഖലയാകെ പ്രതിസന്ധിയിലായി. സാധാരണക്കാരും കരാറുകാരുമാണ്‌ കൂടുതൽ ദുരിതംപേറുന്നത്‌. പണിയില്ലാതെ നിർമാണ തൊഴിലാളികളും പ്രതിസന്ധിയിലാണ്‌. സർക്കാർ പദ്ധതിയിലും മറ്റും വീട്‌ നിർമിക്കുന്നവരും ദുരിതത്തിലായി.  കടമെടുത്തും സ്വർണം പണയംവച്ചുമെല്ലാം വീട്‌ നിർമാണം ആരംഭിച്ചവരും പ്രതിസന്ധിയിലായി.   നിർമാണ വസ്‌തുക്കൾക്കായി വയനാട്‌ എതാണ്ട്‌ പൂർണമായും ഇതര ജില്ലകളെയാണ്‌ ആശ്രയിക്കുന്നത്‌. അതിനാൽ വിലവർധന ഏറ്റവും കൂടുതൽ ബാധിക്കുന്നതും വയനാടിനെയാണ്‌.   ഒരുവർഷംമുമ്പ്‌ കിലോയ്‌ക്ക്‌ 50രൂപയിൽ താഴെ വിലയുണ്ടായിരുന്ന കമ്പിക്ക്‌ ഇപ്പോൾ 80 രൂപയ്‌ക്കടുത്താണ്‌ വില.  ‌സിമന്റ്‌  വില 470–- 480  രൂപവരെയെത്തി. ഒരുവർഷം ഒരു ചെങ്കല്ലിന്‌ 45രൂപ ഉണ്ടായിരുന്നിടത്ത്‌ ഇപ്പോഴത്തെ വില 58 രൂപയാണ്‌. മെറ്റൽ വില ഒരടിക്ക്‌ നാൽപ്പതിൽനിന്ന്‌ അമ്പത്തി അഞ്ച്‌ രൂപയിലെത്തി.  മണൽ വിലയും വർധിച്ചു. ഒരടി മണലിന്റെ വില  60 രൂപയായി ഉയർന്നു.  പല നിർമാണങ്ങളും പാതിവഴിയിലായി.  ചരക്കുകൂലിയും ജില്ലയിൽ കൂടുതലാണ്‌.  നാമമാത്രമായ ചെറുകിട ക്വാറികൾക്ക്‌ മാത്രമാണ്‌ ജില്ലയിൽ പ്രവർത്തനാനുമതിയുള്ളത്‌. ഇത്‌ മുതലെടുത്ത്‌ ഇതര ജില്ലകളിലെ വൻകിട ക്വാറിക്കാർ ലാഭംകൊയ്യുകയാണെന്നും  ഈ രംഗത്തുള്ളവർ പറയുന്നു. ‌പതിനായിരക്കണക്കിന്‌ തൊഴിലാളികളാണ്‌ ജില്ലയിൽ നിർമാണമേഖലയിൽ തൊഴിലെടുക്കുന്നത്‌. ആയിരക്കണക്കിന്‌ അതിഥി തൊഴിലാളികളുമുണ്ട്‌.  Read on deshabhimani.com

Related News