ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിൽ പ്രതിഷേധം



മാനന്തവാടി  ഗവ. മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്താൻ ഉയർന്ന റാങ്കിലുള്ള പൊലീസ്‌ ഉദ്യോഗസ്ഥൻ ശ്രമിച്ചതിൽ കേരള മെഡിക്കൽ ഓഫീസേഴ്‌സ്‌ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തിനുത്തരവാദിയായ പൊലീസ്‌ ഓഫീസർക്കെതിരെ പരാതിനൽകി രണ്ട്‌ ദിവസമായിട്ടും കേസെടുത്തിട്ടില്ല. കേസെടുക്കാൻ പൊലീസ്‌ തയ്യാറാകുന്നില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന്‌ കെജിഎംഒഎ ജില്ലാ പ്രസിഡന്റ്‌ ഡോ. കെ പി കുഞ്ഞിക്കണ്ണൻ, സെക്രട്ടറി ഡോ. ഇ ജെ നിമ്മി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  കഴിഞ്ഞ 20ന്‌ മാനന്തവാടി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ അബോധാവസ്ഥയിൽ എത്തിയ രോഗി മരിച്ചതിനെ തുടർന്നാണ്‌ പൊലീസ്‌ ഇന്റിമേഷന്‌ നിർദേശിച്ചതെന്ന്‌ അന്ന്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. കെ ബി സിൽബി പറഞ്ഞു. ഇന്റിമേഷൻ പരിശോധിച്ച്‌ പോസ്‌റ്റുമോർട്ടം വേണമോ വേണ്ടയോ എന്ന്‌ പൊലീസിന്‌ തീരുമാനിക്കാവുന്നതാണ്‌. നിയമം അറിയാവുന്ന പൊലീസ്‌ ഓഫീസർ ഇന്റിമേഷന്‌ വിടരുതെന്നാവശ്യപ്പെട്ട്‌ ബഹളമുണ്ടാക്കുകയും ജോലി തടസ്സപ്പെടുത്തുകയുമാണ്‌ ചെയ്‌തതെന്ന്‌ അവർ പറഞ്ഞു.   ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് ഉചിതമായ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാവണമെന്ന് കെജിഎംഒഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News