സിഎം കോളേജിൽ പ്രിൻസിപ്പലിനെ ഉപരോധിച്ച്‌ വിദ്യാർഥികൾ



  പനമരം  നടവയൽ സിഎം കോളേജിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിച്ച് അനധികൃത പണപ്പിരിവ് നടത്തിയെന്നാരോപിച്ച്‌ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിച്ചു.  65 വിദ്യാർഥികളുടെ ഹാജർ വെട്ടിച്ചുരുക്കി സർവകലാശാലയിൽ ഫൈൻ അടയ്‌ക്കാനെന്ന പേരിലാണ് പണം വാങ്ങിയത്. 63,610 രൂപ വിദ്യാർഥികളിൽനിന്ന്‌ വാങ്ങിയെടുത്ത കോളേജ് അധികൃതർ 13,760 രൂപ മാത്രമാണ് സർവകലാശാലക്ക്‌ നൽകിയത്. 16 വിദ്യാർഥികൾക്ക് മാത്രമുണ്ടായിരുന്ന ഫൈനാണ് 65 പേരുടേതാക്കി പണം വാങ്ങിയതെന്ന്‌ എസ്‌എഫ്‌ഐ കുറ്റപ്പെടുത്തി. അഴിമതി വിദ്യാർഥികൾ ചോദ്യംചെയ്തപ്പോൾ അപമര്യാദയായി പെരുമാറുകയും വിദ്യാർഥികളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും എസ്‌എഫ്‌ഐ നേതാക്കൾ ആരോപിച്ചു. ഫീസ് അടയ്‌ക്കാൻ വൈകുന്ന വിദ്യാർഥികളുടെ ഹാജർ വെട്ടിച്ചുരുക്കി റോൾ ഔട്ട് ആക്കുന്നത്‌ പതിവാണെന്ന്‌  വിദ്യാർഥികൾ പറഞ്ഞു. പിന്നീട്, ഇവരെക്കൊണ്ട്‌ ഫീസിനുപുറമെ  ഫൈൻ കൂടി അടപ്പിക്കുകയാണ്‌. പണം  തിരികെ നൽകണം എന്നാവശ്യപ്പെട്ടായിരുന്നു വിദ്യാർഥികളുടെ സമരം. കോളേജ്‌ അധികൃതർ തെറ്റ്‌ തിരുത്തുംവരെ സമരം തുടരുമെന്നും  എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി വ്യക്തമാക്കി. കോളേജിലെ മരങ്ങൾ അനധികൃതമായി മുറിച്ചുവിറ്റത്‌ അന്വേഷിക്കണമെന്നും എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു. ശക്തമായ സമരത്തിന് നേതൃത്വംനൽകുമെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. Read on deshabhimani.com

Related News