ചുഴലിയിൽ വന്യമൃഗം പശുക്കുട്ടിയെ കൊന്നു



കൽപ്പറ്റ ചുഴലിയിൽ ജനവാസമേഖലക്കടുത്ത് വന്യമൃഗമിറങ്ങി പശുക്കുട്ടിയെ കൊന്നു. കൂന്തലത്ത് അബ്ദുറഹിമാന്റെ രണ്ടുവയസ്സുള്ള പശുക്കുട്ടിയെയാണ് കൊന്നുതിന്നത്. ചൊവ്വ വൈകിട്ട്‌ അഞ്ചോടെയാണ് സംഭവം. വീടിനുസമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് മേയാൻ വിട്ട ആറ് പശുക്കൾ തോടുകടന്ന് തൊട്ടടുത്തുള്ള എസ്റ്റേറ്റിൽ പോയി. ഉടമയായ അബ്ദുറഹ്മാൻ തോടിന്റെ ഇക്കരെയായിരുന്നു. പശുക്കളുടെ ശബ്ദംകേട്ട് ചെന്ന് നോക്കിയപ്പോഴാണ് പശുക്കുട്ടിയെ കൊന്ന നിലയിൽ ജഡാവശിഷ്ടം കണ്ടെത്തിയത്.  ഉടൻ പ്രദേശവാസികളെ വിവരമറിയിച്ചു. ആറ് പശുക്കളിൽ നാലെണ്ണം വിരണ്ടോടി തോടുകടന്ന് ഇക്കരെ എത്തിയിരുന്നു. ഒരു പശു വഴിതെറ്റി മറ്റൊരിടത്തായിരുന്നു. ഉടമയും പ്രദേശവാസികളും കണ്ടുപിടിച്ച്‌ തിരിച്ചെത്തിച്ചു. സമീപത്തെ വനത്തിൽനിന്നുമാണ് വന്യമൃഗം വന്നതെന്ന് സംശയം.  പുലിയാണ് പശുക്കുട്ടിയെ പിടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. മാസങ്ങൾക്കുമുമ്പ് ചുഴലി എസ്റ്റേറ്റിനോടടുത്ത പെരുന്തട്ട ഭാഗത്ത് പുലിയെ കണ്ടിരുന്നു. 400 കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് കൂടുതലും ക്ഷീരകർഷകരാണ്. 12,000 രൂപ വിലയുള്ള പശു കുട്ടിയെയാണ് വന്യമൃഗം കൊന്നതെന്ന്‌  ഉടമ അബ്ദുറഹിമാൻ പറഞ്ഞു. വന്യമൃഗം ജനവാസമേഖലയിൽ എത്തുമോയെന്ന ഭയത്തിലാണ് പ്രദേശവാസികൾ. അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News