കെ ഫോൺ വയനാട്ടിലും പ്രവർത്തനം തുടങ്ങി



  കൽപ്പറ്റ കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കെ -ഫോൺ (കേരള ഫൈബർ ഒപ്‌റ്റിക്‌ നെറ്റ്‌വർക്ക്‌) ജില്ലയിൽ പ്രവർത്തനം തുടങ്ങി. കണിയാമ്പറ്റയിലെ വിദ്യാലയങ്ങളിലും സർക്കാർ ഓഫീസുകളിലുമാണ്‌ പരീക്ഷണ പ്രവർത്തനം ആരംഭിച്ചത്‌. പഞ്ചായത്തിലെ 32 സ്ഥാപനങ്ങളിലാണ്‌ ആദ്യഘട്ടത്തിൽ കെ ഫോൺ പ്രവർത്തിക്കുക. ദിവസങ്ങൾക്കുള്ളിൽ എല്ലാ സ്ഥാപനങ്ങളിലും ഡാറ്റ ലഭിക്കും.  അടുത്ത ആഴ്‌ച കൽപ്പറ്റയിലും  പ്രവർത്തനം ആരംഭിക്കും. 66 സ്ഥാപനങ്ങളിലാണ്‌ പ്രവർത്തനം തുടങ്ങുന്നത്‌.  ആദ്യഘട്ടത്തിൽ സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങി 237  സ്ഥാപനങ്ങളിലാണ്‌ ജില്ലയിൽ ഇന്റർനെറ്റ്‌ കണക്ഷൻ നൽകുന്നത്‌. രണ്ടാം ഘട്ടത്തിൽ മീനങ്ങാടി, അമ്പലവയൽ, ബത്തേരി, പടിഞ്ഞാറത്തറ, പുൽപ്പള്ളി, മാനന്തവാടി, പനമരം തുടങ്ങിയ പ്രദേശങ്ങളിലും ഇന്റർനെറ്റ്‌ ലഭ്യമാക്കും. സംസ്ഥാനത്ത്‌ കെ ഫോൺ പ്രവർത്തനം ആരംഭിച്ചപ്പോൾ വയനാടും മുൻനിരയിലാണ്‌.  ഇന്റർനെറ്റ്‌ കണക്ഷനായി ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ വലിക്കുന്നതിന്റെ രണ്ടാംഘട്ടം 60 ശതമാനത്തോളമായി.  788 കിലോമീറ്ററാണ്‌ ആകെ കേബിളിടുന്നത്‌. ആദ്യഘട്ടത്തിൽ 390 കിലോമീറ്റർ  പൂർത്തീകരിച്ചിരുന്നു.  ബോയ്‌സ്‌ ടൗൺ, അരീക്കോട്‌ എന്നിവിടങ്ങളിൽനിന്നാണ്‌ ജില്ലയിലേക്കുള്ള കണക്ഷൻ. ബോയ്‌സ്‌ ടൗണിൽനിന്നുള്ളത്‌ പൂർത്തിയായി. സർക്കാർ സ്ഥാപനങ്ങളിലും ദാരിദ്ര്യരേഖക്ക്‌  താഴെയുള്ളവർക്കും‌ ഇന്റർനെറ്റ്‌ സൗജന്യമായി നൽകും.  മറ്റുള്ളവരിൽനിന്നും ചെറിയ നിരക്ക്‌ ഈടാക്കും. എല്ലാവർക്കും ഗുണനിലവാരമുള്ള അതിവേഗ ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സർക്കാർ പദ്ധതി നടപ്പാക്കുന്നത്‌. Read on deshabhimani.com

Related News