കാസർകോട് –-വയനാട് പവർ ഹൈവേ നിർമാണം തുടങ്ങി



  മലബാറിലെ വൈദ്യുതി വിതരണ മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമാകുന്ന 400 കെവി കാസർകോട്-–- വയനാട് ഹരിത പവർഹൈവേ നിർമാണത്തിന്‌ തുടക്കം. കരിന്തളം തോളേനി അമ്മാറമ്മ ഹാളിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. കഴിഞ്ഞ സാമ്പത്തിക വർഷം കടുത്ത പ്രതിസന്ധിക്കിടയിലും 1467 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടാക്കാൻ കെഎസ്ഇബിക്ക് കഴിഞ്ഞതായി  മന്ത്രി പറഞ്ഞു.  ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. കെഎസ്ഇബി ട്രാൻസ്‌ഗ്രിഡ് ചീഫ് എൻജിനിയർ എസ് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. വടക്കൻ ജില്ലകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനും  വർധിച്ചുവരുന്ന ഊർജാവശ്യങ്ങൾ നിറവേറ്റുന്നതിനുമാണ് അന്തർസംസ്ഥാന വൈദ്യുത പ്രസരണ ശൃംഖലയുമായി ബന്ധിപ്പിച്ചുള്ള  ഈ പദ്ധതി.      കരിന്തളം 400 കെവി സബ്സ്റ്റേഷനിൽനിന്നാണ് മാനന്തവാടി പയ്യമ്പള്ളിയിലേക്ക് 125 കിലോമീറ്റർ ലൈൻ വലിക്കുന്നത്. 400 കെവി പ്രസരണശേഷിയുള്ള 380 ടവറുകൾ വേണ്ടിവരും. വയനാട്ടിൽ 200 എംവിഎ ശേഷിയുള്ള ട്രാൻസ്‌ഫോമറാണ് സ്ഥാപിക്കുന്നത്. 180 മെഗാവാട്ട് പവറാണ് അവിടെ ഉപയോഗിക്കാൻ കഴിയുക.  ആലക്കോട്-, ശ്രീകണ്ഠപുരം-, ഇരിട്ടി,- നിടുംപൊയിൽ വഴിയാണ്  ലൈൻ പോകുന്നത്. 436 കോടി രൂപയാണ് പദ്ധതിച്ചെലവ്. കെഎസ്ഇബിയുടെ തനതു ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. 36 മാസത്തിനകം നിർമാണം പൂർത്തിയാക്കും. എൽ ആൻഡ് ടി കൺസ്ട്രക്ഷൻ ലിമിറ്റഡിനാണ് നിർമാണച്ചുമതല.    ഉഡുപ്പി - –-കരിന്തളം 400 കെവി വൈദ്യുതി ലൈൻ നിർമാണവും പുരോഗമിക്കുന്നു. 1000 മെഗാവാട്ട് വൈദ്യുതി ഇതുവഴി ലഭിക്കും. ഉഡുപ്പിയിൽനിന്ന് കരിന്തളത്തേക്ക് 115 കിലോമീറ്റർ നീളമുള്ള 400 കെ വി ലൈൻ, കരിന്തളത്ത് 400 കെവി സബ്‌സ്റ്റേഷൻ എന്നിവയുടെ നിർമാണം നടക്കുന്നുണ്ട്‌.   ഗുണമേന്മയുള്ള വൈദ്യുതി തടസ്സംകൂടാതെ നൽകാനായി നടപ്പാക്കുന്ന  ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ ഏകദേശം 10,000 കോടി രൂപയുടെ ജോലികളാണ് നടക്കുന്നത്. ഇതുവരെ 400 കെവിയുടെ 178 സർക്യൂട്ട് കിലോമീറ്റർ ലൈനും 220 കെവിയുടെ 566 സർക്യൂട്ട് കിലോമീറ്റർ ലൈനും പൂർത്തീകരിച്ചു. 110 കെവിയുടെ 653 സർക്യൂട്ട് കിലോമീറ്റർ ലൈൻ. എട്ട് പുതിയ 220 കെവി സബ്സ്റ്റേഷനുകളും സ്ഥാപിച്ചു. Read on deshabhimani.com

Related News