ചെറിയ ആഘോഷങ്ങളുമായി ചെറിയ പെരുന്നാൾ



കൽപ്പറ്റ ഈദ് ഗാഹുകളിലെ പ്രാർഥനകളില്ലാതെ കോവിഡ്‌ പ്രതിസന്ധിയിൽ ഈദുൽ ഫിത്റിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ജില്ലയിലെ വിശ്വാസി സമൂഹവും. മുപ്പതുനാളത്തെ കഠിന വ്രതാമനുഷ്ഠാനത്തിന്‌ പരിസമാപ്തികുറിച്ചാണ്‌   ഞായറാഴ്‌ച   ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്‌. സാധാരണ ഈദ് ദിനത്തിൽ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കാൻ രാവിലെ എട്ടോടെതന്നെ പുത്തൻ വസ്ത്രങ്ങളുമണിഞ്ഞ് ആബാലവൃദ്ധം വിശ്വാസികളും ഈദ് ഗാഹുകളിൽ എത്തും. പതിവിന് വിപരീതമായി ഈദ് ഗാഹുകളിലെ കൂടിക്കാഴ്ചകൾ ഇത്തവണയുണ്ടാവില്ല. സർക്കാർ നിർദേശപ്രകാരം വീടുകളിൽതന്നെ പെരുന്നാൾ നമസ്കാരം നടത്താനാണ് വിശ്വാസികൾ ഒരുങ്ങുന്നത്. ആശംസകൾ ഫോൺ വിളികളിലും വാട്‌സ് അപ്പ് സന്ദേശങ്ങളിലുമായി ഒതുക്കും.  ഈദ് ഗാഹുകളിലെ പ്രാർഥനയിൽ പങ്കെടുക്കാനാകാതെയുള്ള ചെറിയ പെരുന്നാൾ വിശ്വാസികളുടെ ജീവിതത്തിൽ ഇത് ആദ്യം. നിസ്‌കാരത്തിന് ശേഷം സന്തോഷം പങ്കുവെച്ച് പരസ്പരം ആലിംഗനം ചെയ്ത് ഈദ് ആശംസ നേർന്ന ശേഷമാണ് വിശ്വാസികൾ സാധാരണ മടങ്ങുക. പെരുന്നാളിനോടനുബന്ധിച്ച് ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന വസ്ത്ര വ്യാപാര മേഖലയിൽ ഇപ്രാവശ്യം കച്ചവടം തീരെ കുറവായിരുന്നു. നിബന്ധനകളോടെ വസ്ത്രവ്യാപാര  കടകൾ തുറക്കുമെന്നുണ്ടായിരുന്നെങ്കിലും വിശ്വാസികൾ കടകളിൽ എത്തിയത് കുറവായിരുന്നു. പുതുവസ്ത്രം പോലും വാങ്ങാതെയാണ് പലരും ചെറിയ പെരുന്നാൾ ആഘോഷത്തിൻറെ ഭാഗമാകുന്നത്. കോവിഡ് നിയന്ത്രണം പാലിച്ചായിരുന്നു ഈ നോമ്പ് കാലവും കടന്നുപോയത്‌. പെരുന്നാൾ ദിനത്തിൽ ഭക്ഷണമൊരുക്കാനുള്ള അവശ്യസാധനങ്ങൾ വാങ്ങാനാണ് വിശ്വാസികൾ വീടിന് പുറത്തിറങ്ങിയത്. ശനിയാഴ്‌ച  മത്സ്യ-മാംസ കടകളിൽ  തിരക്ക് അനുഭവപ്പെട്ടു. പ്രധാന നഗരങ്ങളിലെല്ലാം തിരക്ക് കുറവായിരുന്നു. Read on deshabhimani.com

Related News