അഞ്ച് വർഷം; 10 ലക്ഷം പൊതിച്ചോറുമായി യുവത

ഡിവൈഎഫ്‌ഐ ആശുപത്രികളിലെ ഭക്ഷണവിതരണത്തിന്റെ അഞ്ചാം വാർഷികം മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനംചെയ്യുന്നു


 കൽപ്പറ്റ  ‘വയറെരിയുന്നവരുടെ മിഴിനനയാതിരിക്കാൻ' എന്ന മുദ്രാവാക്യമുയർത്തി ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടത്തിവരുന്ന പൊതിച്ചോർ വിതരണം അഞ്ചുവർഷം പിന്നിട്ടു. ഹൃദയപൂർവം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളിൽ 10 ലക്ഷം പൊതിച്ചോർ ഇക്കാലയളവിൽ നൽകി. മാനന്തവാടി മെഡിക്കൽ കോളേജ്, കൽപ്പറ്റ ജനറൽ ആശുപത്രി, വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രികൾ, മീനങ്ങാടി, പുൽപ്പള്ളി കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം തുടങ്ങിയ ആശുപത്രികളിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഒരുദിവസംപോലും മുടങ്ങാതെ ജനകീയ സഹകരണത്തോടെയാണ്‌ ഭക്ഷണവിതരണം.  മാനന്തവാടി ഗവ. മെഡിക്കൽ കോളേജിലെ പൊതിച്ചോർ വിതരണത്തിന്റെ അഞ്ചാം വാർഷികപരിപാടിയുടെ ഉദ്ഘാടനം സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ നിർവഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്, ട്രഷറർ കെ ആർ ജിതിൻ, കെ മുഹമ്മദലി, കെ വിപിൻ, ബബീഷ്, എം രജീഷ് എന്നിവർ സംസാരിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രിയിലെ   അഞ്ചാംവാർഷിക പരിപാടിയുടെ ഉദ്ഘാടനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ നിർവഹിച്ചു. സി ഷംസുദ്ദീൻ, അർജുൻ ഗോപാൽ, പി ജംഷീദ്, വി ഹാരിസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News