വികസനമുരടിപ്പിൽ മുങ്ങി കൽപ്പറ്റ നഗരസഭ



കൽപ്പറ്റ അഴിമതി, വികസനമുരടിപ്പ്‌, സ്വജനപക്ഷപാതം എന്നിവയിൽ മുങ്ങി കൽപ്പറ്റ നഗരസഭ. ഏറ്റവുമൊടുവിൽ നഗരസഭ നടത്തിയ ബന്ധുനിയമനമടക്കം വിവാദത്തിലാണ്‌. ‌മുൻ ഭരണസമിതിയുടെ കാലത്ത്‌ മികച്ച രീതിയിൽ മുന്നോട്ട്‌ പോയിരുന്ന ഹരിതകർമസേനയുടെ പ്രവർത്തനം അവതാളത്തിലായി. സേനാംഗങ്ങൾക്ക്‌ കൃത്യമായി ശമ്പളം നൽകുന്നില്ലെന്നും ഹരിതകർമസേനക്ക്‌ ഫണ്ട്‌ അനുവദിക്കുന്നില്ലെന്നും പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി.  മുൻ ഭരണസമിതിയുടെ  കാലത്ത്‌ 90 ശതമാനം പൂർത്തിയാക്കിയ നിർമാണ പ്ലാന്റ്‌ ഈ ഭരണസമിതി ഉദ്‌ഘാടനം നടത്തിയെങ്കിലും ഇപ്പോഴും പ്രവർത്തനം അവതാളത്തിലാണ്‌.  കൽപ്പറ്റ നഗരസഭയിൽ ഗ്രീൻ ബെൽറ്റ് പ്രദേശത്ത് നിലവിൽ അനുവദിക്കാവുന്നതിന്റെ പത്തു മടങ്ങാണ് നിർമാണത്തിന് അനുമതിനൽകിയത്. സ്ട്രീറ്റ് ലൈറ്റുകൾ കത്താതായിട്ട്‌ മാസങ്ങളായി. നഗരസഭയിലെ എല്ലാ റോഡുകളും തകർന്നിട്ടും പുതുക്കിപ്പണിയാൻ ഒരു നടപടിയും ഉണ്ടാവുന്നില്ല.  ഹൈക്കോടതിയിലെ കേസ് തീർന്നിട്ടും ഓട്ടോറിക്ഷകൾക്ക് ഇതുവരെ ഡിജിറ്റൽ സ്റ്റിക്കർ നൽകിയിട്ടില്ലെന്ന്‌ ഓട്ടോറിക്ഷാ തൊഴിലാളികൾ പറഞ്ഞു. ‌റോഡിന്റെ വീതികൂടിയിട്ടും  ട്രാഫിക് പരിഷ്കരണം നടപ്പാവുന്നില്ല. നവീകരണത്തിനായി പൊളിച്ച ടൗൺഹാളിന്റെ നിർമാണം എങ്ങുമെത്തിയില്ല. ഈ വിഷയങ്ങളിലൊന്നും  നടപടി എടുക്കാത്ത നഗരസഭയുടെ സമീപനത്തിനെതിരെ പൊതുസമൂഹത്തിലാകെ പ്രതിഷേധം ശക്തമാണ്‌.   Read on deshabhimani.com

Related News