കുതിച്ച്‌ കായിക മേഖല പൊൻതിളക്കം



സംസ്ഥാന സ്‌കൂൾ കായികോത്സവം സമാപിച്ചപ്പോൾ വയനാടിനും ശുഭപ്രതീക്ഷ. കൗമാര കായികരംഗത്ത്‌ നഷ്‌ടമായ പ്രതാപം വീണ്ടെടുക്കാനുള്ള മുന്നേറ്റങ്ങളുണ്ടായി. സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ്‌ ജില്ലയിലെ താരങ്ങൾ നടത്തിയത്‌.  മൂന്ന്‌ സ്വർണവും ഒരോന്ന്‌ വീതം  വെള്ളിയും വെങ്കലവും നേടി. കഴിഞ്ഞ വർഷം ഒരു വെള്ളിയും വെങ്കലവുമായിരുന്നു സമ്പാദ്യം.  അതിന്‌ മുമ്പും മെഡൽ വേട്ടയിൽ മികവ്‌ പുലർത്താനായില്ല.  വർഷങ്ങൾക്ക്‌ ശേഷമാണ്‌ മൂന്ന്‌ സ്വർണമെന്ന നേട്ടത്തിലേക്ക്‌ എത്തിയത്‌. ഒളിമ്പ്യന്മാരായ  മഞ്‌ജിമ കുര്യാക്കോസ്‌,  ടി ഗോപി, ഒ പി ജെയിഷ എന്നിവരുടെ  പിൻതലമുറ  പോരാട്ടത്തിൽ പിന്നിലാകില്ലെന്ന്‌ വിളിച്ചുപറയുന്നുണ്ട്‌. സിന്തറ്റിക്‌ ട്രാക്കുകളോടെ ജില്ലാ സ്‌റ്റേഡിയം യാഥർഥ്യമായതും  കായികരംഗത്തിന്‌ സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹനവുമെല്ലാം പ്രതിഫലിക്കുന്നതാണ്‌  നേട്ടം.  കൽപ്പറ്റ മരവയലിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ജില്ലാ സ്‌റ്റേഡിയം കായികതാരങ്ങൾക്കും പരിശീലകർക്കും പുതിയ പ്രതീക്ഷ നൽകുന്നുണ്ട്‌. ഒരു വർഷം മുമ്പ്‌ ഉദ്‌ഘാടനം ചെയ്‌ത സ്‌റ്റേഡിയത്തിലൂടെ ഉടൻ റിസൽട്ട്‌ കിട്ടുമെന്ന പ്രതീക്ഷ ആർക്കുമില്ലെങ്കിലും  കുട്ടികൾ കായികമേഖലയെ കൂടുതൽ ഗൗരവത്തോടെ കാണുന്നതിന്‌  സ്‌റ്റേഡിയം വഴിവച്ചു.  അമ്പിലേരിയിൽ ഇൻഡോർ സ്‌റ്റേഡിയം നിർമാണത്തിന്റെ പൂർത്തീകരണവും അന്തിമഘട്ടത്തിലാണ്‌. ജില്ലാ സ്‌റ്റേഡിയത്തിലെ  സാങ്കേതികത്തികവാർന്ന പരിശീലന  സൗകര്യങ്ങൾ കൂടുതൽ താരങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ്‌  ഈ മേഖലയിലുള്ളവർ വ്യക്തമാക്കുന്നത്‌. കായിക താരങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന സർക്കാൻ പ്രഖ്യാപനവും പ്രതീക്ഷാനിർഭരമാണ്‌.    Read on deshabhimani.com

Related News