ഇത് ബസ് കയറാത്ത ബസ്‌ സ്‌റ്റാൻഡ്



പുൽപ്പള്ളി  ബസ്സുകൾ അപൂർവമായി കയറിയിറങ്ങുന്ന സ്റ്റാൻഡ്, കച്ചവടമില്ലാതെ അടഞ്ഞുകിടക്കുന്ന കടമുറികൾ, ഇഴജന്തുക്കൾക്കും കീരികൾക്കും പെരുച്ചാഴികൾക്കും അഭയകേന്ദ്രമായ പൊന്തക്കാട്... ഇവയെല്ലാം കാണണമെങ്കിൽ കേണിച്ചിറ–-പുതാടി ജങ്‌ഷനിലെ പൂതാടി പഞ്ചായത്ത്‌ ബസ് സ്റ്റാൻഡ് -കം ഷോപ്പിങ്‌ കോംപ്ലക്സിലെത്തിയാൽ മതി. രാവിലെ ഒമ്പതു‌മുതൽ വൈകിട്ട്‌ അഞ്ചുവരെ ചില ബസ്സുകൾ മാത്രം ഈ സ്റ്റാൻഡിൽ കയറിയിറങ്ങും. അതിനാൽ യാത്രക്കാർ കേണിച്ചിറ ടൗണിന്റെ പലഭാഗങ്ങൾ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാക്കി. കോൺഗ്രസ് നേതാവ് കെ കെ വിശ്വനാഥൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന 2001–-06 കാലത്താണ്‌ ബസ് സ്റ്റാൻഡിനുവേണ്ടി സ്ഥലമേറ്റെടുത്തത്. അന്നു‌മുതൽ പൂതാടി ബസ്‌ സ്റ്റാൻഡ്‌ നിർമാണം വിവാദത്തിലാണ്‌. സ്ഥലമുടമ ബാങ്കിൽ പണയപ്പെടുത്തിയിരുന്ന സ്ഥലമാണ്‌ യുഡിഎഫ് ഭരണസമിതി വാങ്ങിയത്. പഞ്ചായത്തിന് ലക്ഷങ്ങൾ നഷ്ടം വരുത്തിയതായിരുന്നു ഇടപാട്.  പിന്നീട്‌ വർഷങ്ങൾക്കുശേഷമാണ് കെട്ടിടനിർമാണം ഇഴഞ്ഞുനീക്കി പൂർത്തിയാക്കിയത്‌. ടൗണിന്റെ ഹൃദയ ഭാഗത്തുതന്നെ സ്ഥലം ലഭ്യമായിരുന്നിട്ടും അരക്കിലോമീറ്റർ ദൂരെ ബസ് സ്റ്റാൻഡിന്‌ സ്ഥലം കണ്ടെത്തിയതുമുതൽ അഴിമതിയുണ്ടെന്ന്‌ ആക്ഷേപം ഉയർന്നിരുന്നു. 2014ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെക്കൊണ്ട് ഉദ്ഘാടന മാമാങ്കം നടത്തിയെങ്കിലും ബസ് സ്റ്റാൻഡും അനുബന്ധ കെട്ടിടങ്ങളും ഇതുവരെ ജനോപകാരപ്രദമായിട്ടില്ല. കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത്‌ ഭരണസമിതി ഈ കെട്ടിടസമുച്ചയത്തെ കൈവിട്ട സ്ഥിതിയാണ്. ടൗണിൽനിന്ന്‌  അകലെ ആയതിനാൽ യാത്രക്കാർ ബസ്‌ കയറാനായി സ്‌റ്റേഷനിലേക്ക്‌ പോകാറുമില്ല. ആളുകൾ കയറാത്തതിനാൽ കോംപ്ലക്‌സിലെ  മുറികൾ വാടകക്കെടുക്കാനും ആരും തയ്യാറായിട്ടില്ല.   Read on deshabhimani.com

Related News