ഓർമകളിൽ പി എ

അന്തരിച്ച സിപിഐ എം നേതാവ്‌ പി എ മുഹമ്മദിന്റെ ആത്മകഥ "എന്റെ രണഭൂമികൾ’ കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ മുതിർന്ന നേതാക്കളായ വി പി ശങ്കരൻ നമ്പ്യാർ, കെ വി മോഹനൻ എന്നിവർക്ക് നൽകി പ്രകാശിപ്പിക്കുന്നു. സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി പി ഗഗാറിൻ, ഒ കെ ജോണി, മുണ്ടക്കയം ഗോപി എന്നിവർ സമീപം


  കൽപ്പറ്റ ജില്ലയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ജീവിതപ്പകർപ്പായ പി എ മുഹമ്മദിന്‌ വയനാടിന്റെ സ്‌മരണാഞ്ജലി. ജീവിതം നിസ്വവർഗത്തിനായി സമർപ്പിച്ച ഉത്തമ കമ്യൂണിസ്റ്റിന്റെ ജീവിത വഴിത്താരകൾ മാതൃകയാണെന്ന്‌ അനുസ്‌മരണ സമ്മേളനം ഓർമിപ്പിച്ചു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പി എ മുഹമ്മദ്‌ അനുസ്‌മരണവും ആത്മകഥാ പ്രകാശനവും സഖാവിനോടുള്ള നാടിന്റെ ആദരം പ്രകടമാക്കുന്നതായി. അനുസ്‌മരണ സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. 1973ൽ സിപിഐ എം വയനാട്‌ ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോൾമുതൽ സെക്രട്ടറിയറ്റംഗമായും ദീർഘകാലം ജില്ലാ സെക്രട്ടറിയായും പാർടിയെ നയിച്ച പി എയുടെ അത്മകഥ - "‌എന്റെ രണഭൂമികൾ' ചടങ്ങിൽ അദ്ദേഹം പ്രകാശനംചെയ്‌തു.  ജീവിതം ജനങ്ങൾക്ക് അർപ്പിച്ച ഉത്തമനായ കമ്യൂണിസ്റ്റ് പോരാളിയാണ് പി എ മുഹമ്മദെന്ന് ഇ പി പറഞ്ഞു. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചാണ് അദ്ദേഹം സംഘടനാ പ്രവർത്തനം ആരംഭിക്കുന്നത്. അതിലൂടെ ഉന്നതനായ കമ്യൂണിസ്റ്റായി അദ്ദേഹം മാറി. സിപിഐ എം വയനാട് ജില്ലാ കമ്മിറ്റി രൂപീകൃതമായതുമുതൽ അമരത്ത് അദ്ദേഹമുണ്ട്. ജനങ്ങളോടൊപ്പംനിന്ന്‌ അവരുടെ പ്രിയപ്പെട്ട നേതാവായി അദ്ദേഹം മാറി. ചുമതലകളെല്ലാം സത്യസന്ധമായി കൃത്യനിഷ്ഠയോടെ ചെയ്തു. ഈ നാടിനും പാർടിക്കുംവേണ്ടിയാണ് അവസാനംവരെ അദ്ദേഹം ജീവിച്ചതെന്ന്‌ ഇ പി പറഞ്ഞു.  പി എ മുഹമ്മദിനൊപ്പം ജില്ലയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ മുന്നിൽനിന്ന്‌ നയിച്ച മുതിർന്ന നേതാക്കളായ കെ വി മോഹനൻ, വി പി ശങ്കരൻ നമ്പ്യാർ എന്നിവർ പുസ്‌തകം ഏറ്റുവാങ്ങി. ‌സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ അധ്യക്ഷനായി. എഴുത്തുകാരൻ ഒ കെ ജോണി സംസാരിച്ചു. പുസ്‌തകം തയ്യാറാക്കിയ മുണ്ടക്കയം ഗോപി, പാർടി ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി വി സഹദേവൻ, വി വി ബേബി, പി കെ സുരേഷ്‌, കെ റഫീഖ്‌ എന്നിവരുൾപ്പെടെയുള്ളവരും പി എയുടെ കുടുംബാംഗങ്ങളും  ചടങ്ങിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി ഗഗാറിൻ സ്വാഗതവും പി വി സഹദേവൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News