പ്രായം കുറഞ്ഞ ഫുട്‌ബോൾ 
പരിശീലകനായി സഹൂദ് ഫൈസൽ



  കൽപ്പറ്റ  ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) ഗോൾകീപ്പർ ലെവൽ വൺ ലൈസൻസ്‌ സ്വന്തമാക്കി രാജ്യത്തെ പ്രായംകുറഞ്ഞ പരിശീലകനായി കൽപ്പറ്റ തുർക്കി സ്വദേശി സഹൂദ് ഫൈസൽ. ഈ മേഖലയിൽ നേട്ടം സ്വന്തമാക്കുന്ന ജില്ലയിലെ രണ്ടാമത്തെ പരിശീലകനുമാണ്‌. രാജ്യത്തിനകത്തും പുറത്തുമുള്ള ടീമുകളെയും ക്ലബ്ബുകളെ പരിശീലിപ്പിക്കാനുള്ള ലൈസൻസാണ്‌ ഈ 25കാരൻ നേടിയത്‌. കൽപ്പറ്റ തുർക്കി സ്വദേശികളായ ലത്തീഫ്–-സഹിദ ദമ്പതികളുടെ മകനാണ്.  മികച്ച പരിശീലകർക്കായി വിദേശികളെ ആശ്രയിക്കേണ്ടി വരുന്നതിനിടെയാണ്‌ ഏഷ്യയിലെ ലെവൽ വൺ പരിശീലക ലൈസൻസ് സ്വന്തമാക്കി ഈ വയനാട്ടുകാരൻ പ്രതീക്ഷയാകുന്നത്.  കഴിഞ്ഞ മാസം പഞ്ചാബിൽ  നടന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ കോഴ്സിലാണ് സഹൂദ് വിജയിച്ചത്. സന്തോഷ് ട്രോഫി, ഐ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് റിസർവ് ടീമുകളുടെ ഗോൾകീപ്പർമാർക്ക് പരിശീലനം നൽകാം.   ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ സി ലൈസൻസ്, എഐഎഫ്എഫ്ഡി ലൈസൻസ്, ഇന്റർനാഷണൽ പ്രൊഫഷണൽ സ്കൗട്ടിങ് ലെവൽ വൺ, ലെവൽ 2, ലെവൽ 3 ലൈസൻസ്, ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ലെവൽ വൺ ടാലന്റ്‌ ഐഡന്റിഫിക്കേഷൻ എന്നിങ്ങനെ ഒട്ടനവധി നേട്ടങ്ങൾ  സ്വന്തമാക്കിയിട്ടുണ്ട്. സ്പാനിഷ് ലീഗ് കളിക്കുന്ന ക്ലബ്ബായ വില്ല റിയൽ അക്കാദമി ബംഗളൂരുവിന്റെ അണ്ടർ 18 കാറ്റഗറിയുടെ ഹെഡ് കോച്ചാണ്. ഫുട്ബോൾ അക്കാദമി ഓഫ് ബംഗളൂരു, ബംഗളൂരു സൂപ്പർ ഡിവിഷൻ ക്ലബ് ജവാർ യൂണിയൻ എഫ്സി, വൈറ്റ് ഈഗിൾ എഫ്‌സി ലഖ്‌നൗ, ക്വാർട്ടസ് സോക്കർ കലിക്കറ്റ്‌, കേരള ബ്ലാസ്റ്റേഴ്‌സ് സ്കോർലൈൻ, അൽ ഇത്തിഹാദ് അക്കാദമി എന്നിവിടങ്ങളിൽ കോച്ചായിരുന്നു.   Read on deshabhimani.com

Related News