പ്രതിയുമായി തെളിവെടുപ്പ്‌ ഇന്ന്‌ തുടങ്ങും



  പനമരം  നെല്ലിയമ്പത്ത്‌ വൃദ്ധദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്‌റ്റിലായ പ്രതി അർജുനെ (24) ബുധനാഴ്‌ച സംഭവസ്ഥലത്തും പരിസര പ്രദേശങ്ങളിലും തെളിവെടുപ്പിന്‌ എത്തിക്കും. തിങ്കളാഴ്‌ചയാണ്‌ നാലുദിവസത്തേക്ക്‌ പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങിയത്‌. അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡിവൈഎസ്‌പി എ പി ചന്ദ്രനാണ്‌ തെളിവെടുപ്പിനും അന്വേഷണത്തിനും നേതൃത്വം കൊടുക്കുന്നത്‌.  ചൊവ്വാഴ്‌ച നടത്തിയ ചോദ്യം ചെയ്യലിൽ പ്രതിയിൽനിന്ന്‌  കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്‌.  24 വരെയാണ്‌ കോടതി കസ്‌റ്റഡിയിൽ വിട്ടത്‌.       കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ പ്രതി താഴെ നെല്ലിയമ്പം കായക്കുന്ന്‌ കുറുമ കോളനിയിലെ അർജുനെ റിമാൻഡ്‌ ചെയ്‌തത്‌. കഴിഞ്ഞ ജൂണിലാണ്‌  നെല്ലിയമ്പത്ത്‌ പത്മാലയത്തിൽ കേശവൻ മാസ്‌റ്ററും ഭാര്യ പത്മാവതിയും കൊല്ലപ്പെട്ടത്‌. സംഭവത്തിനുശേഷം നൂറാം ദിവസമാണ്‌ അയൽവാസിയായ പ്രതി പിടിയിലായത്‌.  ഇയാളെ ചോദ്യംചെയ്‌തപ്പോഴുള്ള മൊഴിയിലെ വൈരുധ്യമാണ്‌ അറസ്‌റ്റിലേക്ക്‌ നയിച്ചത്‌. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്‌. കൊല നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലും എത്തിച്ച്‌ ബുധനാഴ്‌ച മുതൽ തെളിവെടുപ്പ്‌ നടത്തുമെന്ന്‌ മാനന്തവാടി ഡിവൈഎസ്‌പി എ പി ചന്ദ്രൻ പറഞ്ഞു. Read on deshabhimani.com

Related News