കയാക്കിങ്ങിന്‌ 
മാനന്തവാടി പുഴയും

ഒ ആർ കേളു എംഎൽഎ കയാക്കിങ് ട്രയൽ റൺ നടത്തുന്നു


  മാനന്തവാടി ഓളപ്പരപ്പിൽ തുഴയെറിഞ്ഞ് സാഹസിക യാത്രയ്‌ക്ക്‌ ഇനി മാനന്തവാടിയിൽ എത്തിയാൽ മതി. പഴശ്ശി പാർക്കും അതിനോട്‌ ചേർന്നുള്ള പുഴയും ജില്ലയുടെ ടൂറിസം ഭൂപടത്തിൽ പുതിയ അധ്യായം രചിക്കുന്നു.  ജലയാത്രയ്‌ക്ക്‌ സഞ്ചാരികൾക്ക്‌  അവസരമൊരുക്കി  കയാക്കിങ് സൗകര്യം ഇവിടെ ഒരുങ്ങുകയാണ്‌.  കയാക്കിങ്ങിനുള്ള ട്രയൽ റൺ ചൊവ്വാഴ്ച നടന്നു. ഒ ആർ കേളു എംഎൽഎ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്‌റ്റിൻ ബേബി തുടങ്ങിയവർ ജലയാത്ര നടത്തി കയാക്കിങ് ട്രയൽ ആഘോഷമാക്കി.  ഒന്നും രണ്ടും വീതം ആളുകൾക്ക് യാത്രചെയ്യാൻ കഴിയുന്ന കയാക്കുകളാണ് ട്രയൽ റണ്ണിൽ പങ്കെടുത്തത്. ജില്ലയിൽ ആദ്യമായാണ് പുഴയിൽ പരീക്ഷണാടിസ്ഥാനത്തിൽ കയാക്കിങ് നടത്തിയത്‌.  പൂക്കോട്, കർലാട് തടാകങ്ങളിൽ കയാക്കിങ്‌ സൗകര്യമുണ്ട്‌.  ഡിടിപിസി, സാഹസിക ടൂറിസം കൂട്ടായ്മയായ മഡി ബൂട്സ് വയനാട്, കോഴിക്കോട്‌ പാഡിൽ മങ്ക്സ് എന്നിവ ചേർന്നായിരുന്നു ട്രയൽ.  ജസ്റ്റിൻ ബേബി ഉദ്‌ഘാടനം ചെയ്‌തു. നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി,  വി ഡി അരുൺ കുമാർ, കെ ജി അജേഷ്, ബിജു ജോസഫ് എന്നിവർ സംസാരിച്ചു.   പഴശ്ശി പാർക്കിൽ എത്തുന്ന സഞ്ചാരികൾക്കുകൂടി ഉപകാരപ്പെടുന്ന രീതിയിലായിരിക്കും  കയാക്കിങ് സംവിധാനം നടപ്പാക്കുക. കുത്തൊഴുക്ക് കുറഞ്ഞ നദികളിൽ നടത്താറുള്ള രീതിയാണ്  ഇവിടെ പിന്തുടരുക. ട്രയൽ റൺ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തി ഉടൻ കയാക്കിങ് ആരംഭിക്കുമെന്ന്‌ ഡിടിപിസി അധികൃതർ പറഞ്ഞു. Read on deshabhimani.com

Related News