ഷൂട്ടിങ് പുനരാരംഭിച്ചു വെള്ളിത്തിരയിലേക്ക്‌ വീണ്ടും ഊട്ടി



ഗൂഡല്ലൂർ ഊട്ടിയുടെ തണുപ്പിൽ വീണ്ടും സിനിമ പൂക്കുന്നു. കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവ്‌ വന്നതോടെ‌ ബൊട്ടാണിക്കൽ ഗാർഡനിൽ സിനിമാ ഷൂട്ടിങ് പുന:രാരംഭിച്ചു.‌  തമിഴ്‌ സംവിധായകൻ എസ്‌ ഏഴിലിന്റെ പേരിടാത്ത സിനിമയുടെ ചിത്രീകരമാണ്‌ തുടങ്ങിയത്‌.  നടന്മാരായ ഗൗതം, കാർത്തിക്, നടി സായ്‌പ്രിയ തുടങ്ങിയവരാണ്‌ അഭിനയിക്കുന്നത്‌. രാവിലെ ഏഴ്‌ മുതൽ വൈകിട്ട്‌ ആറുവരെയാണ്‌ ചിത്രീകരണത്തിന്‌ അനുമതി‌.  അഞ്ച്‌ ദിവസമാണ്‌ ഷൂട്ടിങ്.   നീലഗിരിയിൽ വിനോദ സഞ്ചാര മേഖല ഉണർന്നതിനൊപ്പമാണ്‌ ചലചിത്ര ചിത്രീകരണവും തുടങ്ങിയത്‌. പൊലീസ്‌ സുരക്ഷയോടെയാണ്‌ ചിത്രീകരണം. ഷൂട്ടിങ് കാണുന്നതിലും നിയന്ത്രണങ്ങളുണ്ട്‌.  നടൻ സൂര്യ അഭിനയിക്കുന്ന മറ്റൊരുസിനിമയുടെ ഷൂട്ടിങ്ങും നീലഗിരിയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്‌.  രാജ്യത്തിനകത്തും പുറത്തുമുള്ള ചലചിത്രപ്രവർത്തകരുടെ ഇഷ്ടലൊക്കേഷനാണ്‌ ഊട്ടി ഉൾപ്പെടുന്ന നീലഗിരി. നിരവധി സൂപ്പർഹിറ്റ്‌ സിനിമകൾ പിറന്ന ഇടമാണിത്‌.  റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദോഡബെട്ട,  ഊട്ടി തടാകം, പൈക്കര, കല്ലട്ടിചുരം, മസിനഗുഡി, നടുവട്ടം, കുന്നൂർ, ഷൂട്ടിങ് പോയിന്റ്,  റെയിൽവേ സ്റ്റേഷനുകൾ, കോത്തഗിരി എന്നിവയെല്ലാം വെള്ളിത്തിരയുടെ മനംകവരുന്ന ഇടങ്ങളാണ്‌.    സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രങ്ങളാണിവ. തമിഴ്, മലയാളം, കന്നഡ, ഹിന്ദി  സിനിമകളുടെ ചിത്രീകരണം  പതിവാണ്‌.  ഒരോസ്ഥലത്തും ഷൂട്ടിങ്ങിന്‌ പ്രത്യേകം ഫീസ്‌ അടയ്‌ക്കണം. പ്രാദേശിക കലാകാരന്മാർ, ‌കുതിര സവാരിക്കാർ, ടാക്‌സിക്കാർ, വ്യാപാരികൾ എന്നിവർക്കും‌ ഷൂട്ടിങ് വരുമാനദായകമാണ്‌.  മിക്ക സിനിമകളിലും ഇവരുടെ മുഖങ്ങളും തൊഴിലുമെല്ലാമുണ്ടാകും. എല്ലാവർക്കുംതന്നെ പ്രതിഫലവും ലഭിക്കും.    Read on deshabhimani.com

Related News