കനത്ത മഴ : 
19 പേരെ മാറ്റി പാർപ്പിച്ചു

കനത്ത മഴയിൽ ബത്തേരി നഗരത്തിലെ രാത്രി ദൃശ്യം


  കൽപ്പറ്റ   ആശങ്ക വിതച്ച്‌  ജില്ലയിൽ കനത്ത മഴ.  ദുരന്തനിവാരണ അതോറിറ്റി മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ബുധനാഴ്ച ജില്ലയിൽ കനത്ത മഴയെ തുടർന്ന്‌ 19 കുടുംബങ്ങളിെ്ല 83 പേരെ  ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ മാറ്റി. അട്ടമല, പുഞ്ചിരിമട്ടം, പരപ്പൻപാറ, വാളാരംകുന്ന്‌ പ്രദേശത്തെ കുടുംബങ്ങളെയാണ്‌ മാറ്റിയത്‌. നാല്‌‌ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഉരുൾപൊട്ടൽ ഭീഷണിയുള്ള അട്ടമല ഏറാട്ട്‌ കുണ്ട്‌ കോളനിയിലെ ആറ്‌ കുടുംബങ്ങളിലെ 31 പേരെ ചൂരൽമല മദ്രസയിലേക്ക്‌ മാറ്റി.  പുഞ്ചിരിമട്ടത്തെ നാല്‌‌‌ കുടുംബങ്ങളിലെ 11 പേരെ വെള്ളാർമല ഹൈസ്‌കൂളിലേക്കും പരപ്പൻപാറയിലെ മൂന്ന്‌ കുടുംബങ്ങളിലെ 12 പേരെ കാടാശേരി ഏകാധ്യാപക വിദ്യാലയത്തിലേക്കും മാറ്റി.   ക്യാമ്പിൽ വരാൻ മടിച്ച ആദിവാസികളെ  ദുർഘടപാതകൾ പിന്നിട്ട്‌ ഏറെ പ്രയാസപ്പെട്ടാണ്‌ അധികൃതർ സുരക്ഷിതകേന്ദ്രങ്ങളിലേക്ക്‌  മാറ്റിയത്‌.  വെെത്തിരി തഹസിൽദാർ പി പി അബ്‌ദുൾ ഹാരിസിന്റെ നേതൃത്വത്തിൽ റവന്യൂ, വനം, പട്ടികവർഗ, പഞ്ചായത്ത്‌ അധികൃതരുടെ നേതൃത്വത്തിലാണ്‌ ആളുകളെ മാറ്റിപ്പാർപ്പിച്ചത്‌. ബുധനാഴ്‌ച കനത്ത മഴപെയ്‌ത വെള്ളമുണ്ടയിലെ  വാളാരംകുന്ന്‌, നെല്ലിക്കൽച്ചാൽ, പെരിങ്കുളം കോളനികളിലെ സുരക്ഷാഭീഷണിയിലായ കുടുംബങ്ങളെ പുളിഞ്ഞാൽ ഹൈസ്‌കൂളിലേക്ക്‌ മാറ്റി. രാത്രി വൈകിയും മാറ്റിപ്പാർപ്പിക്കൽ തുടർന്നു.     മഞ്ഞ അലർട്ടാണെങ്കിലും തെക്കൻ തമിഴ്‌നാട്‌ തീരത്ത്‌ രൂപപ്പെട്ട ചക്രവാതച്ചുഴി ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ജില്ലയിൽ ദുരന്തമുണ്ടായാൽ നേരിടാൻ സർവ സന്നാഹങ്ങളും ഒരുക്കിയതായി കലക്ടർ എ ഗീത പറഞ്ഞു. ദുരിതാശ്വാസകേന്ദ്രങ്ങളാക്കാൻ 365 കെട്ടിടങ്ങൾ സജ്ജമാക്കി. പ്രതിരോധ സുരക്ഷാ കോറിലെ 29 അംഗങ്ങൾ ജില്ലയിലെത്തി. എല്ലാ പൊലീസ്‌ സ്‌റ്റേഷനുകളും സുരക്ഷാ സംവിധാനങ്ങളോടെ ദുരന്തത്തെ നേരിടാൻ സർവ സജ്ജമാണ്‌.  ലൈഫ്‌ ജാക്കറ്റുകൾ, ബോട്ടുകൾ, മരം മുറിച്ചുമാറ്റുന്ന യന്ത്രങ്ങൾ, ജനറേറ്ററുകൾ, വെളിച്ചം എത്തിക്കാനുള്ള സൗകര്യം തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളും സ്‌റ്റേഷനുകളിൽ ഒരുക്കി. ബാണാസുര, കാരാപ്പുഴ അണക്കെട്ടുകളിലെ സ്ഥിതി നിരീക്ഷിക്കാൻ കെഎസ്‌ഇബി അധികൃതർ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങളിൽ വാർഡടിസ്ഥാനത്തിൽ വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പുകൾ രൂപീകരിച്ചു. കുടുംബശ്രീ അംഗങ്ങൾ 8200 അയൽക്കൂട്ട സെക്രട്ടറിമാരുടെ ഗ്രൂപ്പ്‌ വഴി അറിയിപ്പുകൾ കൈമാറും. മഞ്ഞ അലർട്ടിലും പെരുമഴ   മഞ്ഞ അലർട്ടാണെങ്കിലും ജില്ലയിൽ ബുധനാഴ്‌ചയും പലയിടങ്ങളിലായി ഒറ്റപ്പെട്ട കനത്ത മഴപെയ്‌തു. കൽപ്പറ്റ, മാനന്തവാടി, മീനങ്ങാടി, അമ്പലവയൽ, വെള്ളമുണ്ട തുടങ്ങി നിരവധി പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ്‌ പെയ്തത്‌‌‌. രാത്രിയോടെ മഴ കൂടുതൽ ശക്തമായി. ബുധനാഴ്‌ച അമ്പലവയലിൽ 14 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.    പലയിടങ്ങളിലും അന്തരീക്ഷം കാർമേഘാവൃതമായി മൂടിക്കെട്ടിയ നിലയിലായിരുന്നുവെങ്കിലും മഴ പെയ്‌തില്ല. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പടിഞ്ഞാറത്തറ ഡാം പരിസരത്ത്‌ മഴ കുറവായിരുന്നു. അതേസമയം അണക്കെട്ടുകളിലെ ജലനിരപ്പുയർന്നുവെങ്കിലും തുറന്നുവിടേണ്ട സാഹചര്യമില്ലെന്ന്‌ എക്‌സിക്യുട്ടീവ്‌ എൻജിനിയർമാർ പറഞ്ഞു.   Read on deshabhimani.com

Related News