കോൺഗ്രസിൽ കലാപം രൂക്ഷം; സസ്‌പെൻഷൻ മരവിപ്പിച്ചു



  കൽപ്പറ്റ പുൽപ്പള്ളി സർവീസ്‌ സഹകരണ ബാങ്കിലെ അഴിമതിയിൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷം. കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമിനെതിരെ വാർത്താസമ്മേളനം നടത്തിയ നേതാക്കൾക്കെതിരെ സ്വീകരിച്ച നടപടി കെപിസിസി തന്നെ മരവിപ്പിച്ചു. കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗം കെ എൽ പൗലോസിന്റെ ഇടപെടലിനെ തുടർന്നാണ്‌ മരവിപ്പിക്കൽ എന്നാണ്‌ അബ്രഹാം പക്ഷത്തിന്റെ ആരോപണം. കർഷക കോൺഗ്രസ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി എസ്‌ കുര്യൻ, കോൺഗ്രസ്‌ പുൽപ്പള്ളി ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ പി ആർ ജനാർദനൻ എന്നിവരെ പാർടിയിൽനിന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ സസ്‌പെൻഡ്‌ ചെയ്‌ത നടപടിയാണ്‌ മരവിപ്പിച്ചത്‌.  അബ്രഹാം പ്രസിഡന്റായിരിക്കുമ്പോൾ ബാങ്കിൽ‌ 8.68 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ്‌ സഹകരണ വകുപ്പ്‌ കണ്ടെത്തിയത്‌. ഭരണസമിതിയിൽ അബ്രഹാമിനൊപ്പം അഴിമതിക്ക്‌ കൂട്ടുനിന്നവരാണ്‌ കുര്യനും ജനാർദനനും. തുക തിരിച്ചടയ്‌ക്കാൻ സഹകരണ വകുപ്പ്‌ ഭരണസമിതി അംഗങ്ങൾക്ക്‌ നോട്ടീസ്‌ നൽകിയതോടെയാണ്‌ കോൺഗ്രസിൽ കലാപമായത്‌. കുര്യൻ  53.67 ലക്ഷവും ജനാർദനൻ–-12.77  ലക്ഷം രൂപയും തിരിച്ചടയ്‌ക്കണം. ഇവർ കെ എൽ പൗലോസ്‌ പക്ഷത്തേക്ക്‌ മാറിയതോടെയാണ്‌ അബ്രാഹാമിനെതിരെ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും പരാതി നൽകിയത്‌.  ഇതിന്റെ തുടർച്ചയായിട്ടായിരുന്നു വാർത്താ സമ്മേളനം. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ്‌ കെ എൽ പൗലോസ്‌ ഉൾപ്പെടെയുള്ള നേതൃത്വം സ്വീകരിക്കുന്നതെന്നാണ്‌ ആക്ഷേപം. ഭരണസമിതി അംഗങ്ങളെല്ലാം ചേർന്നായിരുന്നു അഴിമതി. കേസ്‌ വന്നതോടെയാണ്‌ നേതാക്കളുടെ പോര്‌ രൂക്ഷമായത്‌.     Read on deshabhimani.com

Related News