പാർടി മതി ജോലി വേണ്ട



  കൽപ്പറ്റ    ജോലി വേണോ പാർടി വേണോയെന്ന്‌ ചോദിച്ചപ്പോൾ പാർടി മതിയെന്ന്‌ പറഞ്ഞ്‌  ജോലി ഉപേക്ഷിച്ച കമ്യൂണിസ്‌റ്റായിരുന്നു സഖാവ്‌ പിഎ. 1959ൽ വിമോചന സമരം ആളിക്കത്തുന്ന കാലത്താണ്‌ പിഎയ്‌ക്ക്‌ മടക്കിമല സർവീസ്‌ സഹകരണ ബാങ്കിൽ ജോലി ലഭിക്കുന്നത്‌.  മാസം  200 രൂപ ശമ്പളം.  സാധാരണക്കാരെ മോഹിപ്പിക്കുന്നതായിരുന്നു അന്ന്‌ ആ തുക. ഒരു ഊണിന്‌ കാൽ രൂപയും  ഒരു ചായയ്‌ക്ക്‌ ഒരണയുമായിരുന്നു വില. ആ വരുമാനം അധിക കാലം നീണ്ടില്ല.   1959 ആഗസ്‌തിൽ കത്തിൽ ഒപ്പിടാൻ ചെന്നപ്പോൾ പ്രസിഡന്റിനെ കണ്ടിട്ട്‌ ഒപ്പിട്ടാൽ മതിയെന്ന്‌ സെക്രട്ടറി പിഎയോട്‌ പറയുന്നു.   എം എ ധർമരാജ അയ്യരായിരുന്നു പ്രസിഡന്റ്‌.  ഒരു കമ്യൂണിസ്‌റ്റുകാരനെ ബാങ്കിൽ നിർത്താൻ താൽപ്പര്യമില്ലെന്ന്‌ പ്രസിഡന്റ്‌ പറഞ്ഞു.  മടക്കിയിൽ നടന്ന ജാഥയിലും യോഗത്തിലും പങ്കെടുത്തത്‌  ഭരണസമിതിക്കെതിരാണെന്നും  വ്യക്തമാക്കി.  പാർടി പ്രവർത്തനം അവസാനിപ്പിച്ചാൽ തുടരാമെന്നും. യുവാവായ മുഹമ്മദിന്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടി വന്നില്ല.  ജോലിയേക്കാൾ  വലുത്‌ പാർടിയാണെന്ന്‌ പറഞ്ഞ്‌ അന്ന്‌ ബാങ്കിൽ നിന്നിറങ്ങി.  കുടുംബത്തിന്‌ താങ്ങാവേണ്ട  മൂത്ത മകൻ  മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായത്‌ ബാപ്പക്കും രസിച്ചില്ല. പാർടിബന്ധം ഉപേക്ഷിക്കുംവരെ വീട്ടിലേക്ക്‌ വരരുതെന്ന തിട്ടൂരവുമായി പിഎയ്‌ക്ക്‌ മുന്നിൽ വീടിന്റെ വാതിലടഞ്ഞു.  ബാപ്പയോടുള്ള സ്‌നേഹം നിലനിർത്തി തന്നെ അദ്ദേഹം പ്രിയപ്പെട്ട ചെങ്കൊടി നെഞ്ചേറ്റി വീടുവിട്ടിറങ്ങി.  മുട്ടിലിൽ കുട്ടികൾക്ക്‌ ട്യൂഷനെടുത്തും ഹോട്ടലിൽ സപ്ലെയറായുമായിരുന്നു പിന്നീട്‌ കുറച്ചുകാലം പാർടി പ്രവർത്തനം നടത്തിയത്‌.  മുട്ടിലിൽ നടന്ന ഒരു പാർടി പൊതുയോഗ വേദിയിലേക്ക്‌ ചായയുമായെത്തിയ ‘കുഞ്ഞു’ മുഹമ്മദിനെ  പി ശങ്കർ കാണുകയും കൽപ്പറ്റ താലൂക്ക്‌ കമ്മിറ്റി ഓഫീസ്‌ സെക്രട്ടറിയായി ചുമതലയേൽപ്പിക്കുകയുമായിരുന്നു. അന്ന്‌ മുതൽ മുഴുവൻ സമയ പ്രവർത്തകനായി.   ജില്ലയിലെത്തിയ കമ്യൂണിസ്റ്റ്‌   നേതാക്കളുമായുള്ള സഹവാസവും പ്രവർത്തനവും  പരന്ന വായനയും  പി എയിലെ  പോരാട്ട വീര്യത്തിന്‌ ഉർജം പകർന്നു.  തൊഴിലാളി വർഗ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ചു. ജില്ലയിലെ അനിഷേധ്യ നേതാവായി ജീവിതാന്ത്യംവരെ ആ ചെങ്കൊടി നെഞ്ചേറ്റി. Read on deshabhimani.com

Related News