കൃഷിവകുപ്പ് ഫാമുകൾ കാർബൺ ന്യൂട്രൽ കൃഷിയിലേക്ക്‌: മന്ത്രി



കൽപ്പറ്റ       കൃഷിവകുപ്പിന്റെ കീഴിലുള്ള എല്ലാ ഫാമുകളും ഉടൻതന്നെ കാർബൺ ന്യൂട്രൽ കൃഷിയിലേക്ക് മാറുമെന്ന് മന്ത്രി പി പ്രസാദ്. വയനാട് കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ പുതുതായി  നിർമിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ജില്ലാ ഓഫീസ് ഓൺലൈനായി ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി.     ഇ–--ഓഫീസ്‌ സംവിധാനം നിലവിൽ വരുന്നതോടെ ഓഫീസുകൾ പേപ്പർരഹിതമാകുകയും കേരള–--കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ താമസം കൂടാതെ കർഷകരിലേക്ക് എത്തിക്കാനും കഴിയും. ജില്ലയിലെ വിവിധ കർഷകരുടെ ആശയങ്ങളും അഭിപ്രായങ്ങളും ആശങ്കകളും നേരിൽ അറിയുന്നതിനായി ഉടൻ കർഷകരുമായി നേരിട്ട് ആശയവിനിമയം നടത്താൻ കൃഷിവകുപ്പ്‌ തീരുമാനിച്ചിട്ടുണ്ട്‌.    അഡ്വ. ടി സിദ്ദീഖ്‌ എംഎൽഎ അധ്യക്ഷനായി. ജൈവ കർഷകനായ  ചെറുവയൽ രാമനെ മന്ത്രിക്കുവേണ്ടി എംഎൽഎ ആദരിച്ചു.   പുതിയ ഇ- ഓഫീസിന്റെ സ്വിച്ച് ഓണും നിർവഹിച്ചു. ജില്ലാതല പച്ചക്കറി–-കർഷക അവാർഡുകൾ മന്ത്രി പ്രഖ്യാപിച്ചു.   കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടർ ടി വി സുഭാഷ് പദ്ധതി വിശദീകരണം നടത്തി.  എം വി ശ്രേയാംസ്‌ കുമാർ എംപി,  ജില്ലാ പഞ്ചായത്ത്‌  പ്രസിഡന്റ് സംഷാദ്‌ മരയ്‌ക്കാർ എന്നിവർ സംസാരിച്ചു. ജില്ലാ കൃഷി ഓഫീസർ ജി മുരളീധരമേനോൻ സ്വാഗതവും ആത്മ പ്രോജക്ട് ഡയറക്ടർ വി കെ സജിമോൾ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News