ആവേശമായി ഭിന്നശേഷിക്കാരുടെ റാലി ഒരുമാസം പിന്നിട്ട്‌ കർഷക സത്യഗ്രഹം



  കൽപ്പറ്റ അന്നദാതാക്കൾക്ക്‌ ഐക്യദാർഢ്യവുമായി ഭിന്നശേഷിക്കാരുടെ മുചക്രറാലി. കർഷകരുടെ ഐതിഹാസിക സമരത്തിന്‌ പിന്തുണ അർപ്പിച്ച്‌ ഇടതുപക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി നടത്തുന്ന സത്യഗ്രഹവേദിയിലേക്കാണ്‌ ഡിഎഡബ്ല്യുഎഫ്‌ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർ റാലി നടത്തിയത്‌. കൽപ്പറ്റ സിവിൽ സ്‌റ്റേഷൻ പരിസരത്തുനിന്നും സത്യഗ്രഹവേദിയായ എച്ച്‌ഐഐ എം യുപി സ്‌കൂൾ പരിസരം വരെയായിരുന്നു റാലി. സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പോസ്‌റ്ററുകൾ വാഹനങ്ങളിൽ പതിച്ചാണ്‌ എത്തിയത്‌. പ്ലക്കാർഡുകളും കെട്ടിയിരുന്നു. ഭിന്നശേഷിക്കാരുടെ പിന്തുണ സമരത്തിന്‌ ആവേശം പകർന്നു.  രാജ്യതലസ്ഥാന മേഖലകളിലെ കർഷകസമരത്തെ‌ പിന്തുണച്ചുള്ള ജില്ലയിലെ സത്യഗ്രഹം ഒരുമാസം പിന്നിട്ടു. കാർഷിക കരിനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം വർധിത ആവേശത്തിൽ തുടരുകയാണ്‌. റിപ്ലബ്ലിക്‌ദിനത്തിൽ‌ രാജ്യതലസ്ഥാനത്ത്‌ സമാന്തരറാലിക്ക്‌ ഒരുങ്ങുകയാണ്‌ കർഷകർ. കർഷകനാടായ ജില്ലയിലും സംയുക്ത സമരസമിതികളുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ റിപ്പബ്ലിക്‌ ദിനത്തിൽ റാലി നടത്തും. ഐക്യദാർഢ്യ സത്യഗ്രഹം ബുധനാഴ്‌ച ഡിഎഡബ്ല്യുഎഫ്‌ ജില്ലാ സെക്രട്ടറി കെ വി മോഹനൻ ഉദ്‌ഘാടനം ചെയ്‌യു. വേണു മുള്ളോട്ട്‌ അധ്യക്ഷനായി. കെ ശശാങ്കൻ, എം എ ചാക്കോ, ഷൗക്കത്ത്‌ പള്ളിയാൽ, മത്തായി ഐസക്‌, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. പ്രൊഫ. ജോസ്‌ ജോർജ്‌ സ്വാഗതം പറഞ്ഞു. ഡിഎഡബ്ല്യുഎഫ്‌ റാലിക്ക്‌ ജില്ലാ പ്രസിഡന്റ്‌ കെ യു ഐസക്‌, ജി ഗിരീഷ്‌ കുമാർ, കെ പി ജോർജ്‌, കെ വി മത്തായി, റഷീദ്‌ വെണ്ണിയോട്‌ എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News