മാധ്യമ പ്രവർത്തകർ പരിശ്രമിക്കേണ്ടത്‌ സത്യം പ്രകാശപൂരിതമാക്കാൻ: ഗോവ ഗവർണർ



മാനന്തവാടി വിവാദങ്ങൾക്ക് പിറകേ പോകാതെ സത്യത്തെ പ്രകാശപൂരിതമാക്കാനാണ് മാധ്യമ പ്രവർത്തകർ  പരിശ്രമിക്കേണ്ടതെന്ന്‌ ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. മാനന്തവാടി പ്രസ്‌ ഫോറത്തിന്റെ   മാധ്യമ  പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാൻ സുപ്രീംകോടതി പോലും തയ്യാറായില്ല. മാധ്യമങ്ങൾ രാജ്യത്തിന്റെ താൽപ്പര്യം മനസ്സിലാക്കി പ്രവർത്തിക്കണമെന്ന നിർദേശമാണ് കോടതി മുന്നോട്ടുവച്ചത്. ഇത് ജനാധിപത്യ രാജ്യത്തിൽ മാധ്യമങ്ങളുടെ പ്രാധാന്യമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അച്ചടി വിഭാഗത്തിൽ മാതൃഭൂമി തിരുവനന്തപുരം നെടുമങ്ങാട് ലേഖകൻ തെന്നൂർ ബി അശോകും ദൃശ്യമാധ്യമ വിഭാഗത്തിൽ ന്യൂസ്18 വയനാട് ലേഖകൻ രതീഷ് വാസുദേവനും പുരസ്കാരം സ്വീകരിച്ചു. പ്രത്യേക ജൂറി പരാമർശത്തിന് മാധ്യമം വെള്ളമുണ്ട ലേഖകൻ റഫീഖ് വെള്ളമുണ്ടയും പുരസ്കാരം ഏറ്റുവാങ്ങി.   സുകുമാരൻ ചാലിഗദ്ദ, ചെറുവയവൽ രാമൻ, ജോസഫ് ഫ്രാൻസിസ് വടക്കേടത്ത്,  നാസർ കീരിയിൽ, ഡോ. ഫാ. ആന്റണി സെബാസ്റ്റ്യൻ കൂട്ടുങ്കൽ,  ഇല്യാസ് പള്ളിയാൽ,   സുമി മധു എന്നിവരെ ചടങ്ങിൽ ആദരിച്ചു.   ബിജെപി മുൻ ജില്ലാ അധ്യക്ഷൻ സജി ശങ്കറിന്റെ ‘കമലദളം' കവിതാസമാഹാരം ചടങ്ങിൽ പ്രകാശിപ്പിച്ചു. പ്രസ്‌ ഫോറം പ്രസിഡന്റ് അബ്ദുള്ള പള്ളിയാൽ അധ്യക്ഷനായി. ഐ സി ബാലകൃഷ്ണൻ എംഎൽഎ,  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി,  നഗരസഭാ ചെയർപേഴ്‌സൺ സി കെ രത്നവല്ലി, മുൻ മന്ത്രി പി കെ ജയലക്ഷ്മി, അഡ്വ. എൻ കെ വർഗീസ്, പ്രസ്‌ ഫോറം സെക്രട്ടറി ലത്തീഫ് പടയൻ, ട്രഷറർ അരുൺ വിൻസെന്റ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News