കുട്ട–ഗോണിക്കുപ്പ പാതയിൽ വിവാദം ആസൂത്രിതം



കൽപ്പറ്റ ദേശീയപാത അതോറിറ്റി കുട്ട–-ഗോണിക്കുപ്പവഴി പുതിയ പാത ഉണ്ടാക്കുന്നത്‌ വിവാദമാക്കാൻ ആസൂത്രിത ശ്രമം. നിലവിലുള്ള ദേശീയപാത 766ന്‌ ബദലാണ്‌ പുതിയ പാതയെന്നും  കോഴിക്കോട്- –-മൈസൂരു ദേശീയപാതയിലെ രാത്രിയാത്രാനിരോധനം പിൻവലിക്കില്ലെന്നതടക്കമുള്ള പ്രചാരണമാണ്‌ നടക്കുന്നത്‌. യുഡിഎഫിലെ ഒരു വിഭാഗവും ചില നിക്ഷിപ്‌ത താൽപ്പര്യക്കാരും കച്ചവട ലോബിയും ഈ നിക്കത്തിന്‌ പിന്നിലുണ്ട്‌. ‌ ദേശീയപാത 766ന്‌ ബദൽപാതയില്ലെന്ന്‌ അസന്ദിഗ്‌ധമായി സംസ്ഥാന സർക്കാർ നിലപാട്‌ സ്വീകരിക്കുമ്പോഴാണ്‌ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താൻ പുതിയ പാതയെ രാഷ്‌ട്രീയായുധമാക്കുന്നത്‌. ബന്ദിപ്പൂർ മേഖലയിലെ രാത്രിയാത്രാ നിരോധനം പിൻവലിക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാർ ഉറച്ചുനിൽക്കുകയും കോടതിയിൽ യാത്രാ നിരോധനം അവസാനിപ്പിക്കുന്നതിനുതകുന്ന നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്‌തിരിക്കെയാണ്‌ വീണ്ടും വിവാദമുണ്ടാക്കുന്നത്‌.      ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം ശാസ്ത്രീയമായ പഠനമോ മുന്നൊരുക്കമോ ഇല്ലാതെയാണെന്ന്‌ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌. ‌ ഇതോടൊപ്പം ഈ  പാതയിൽ മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും സ്വതന്ത്രമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിന് നാറ്റ്പാക് നിർദേശിച്ചിട്ടുള്ള എലിവേറ്റഡ് ഹൈവേക്ക് ആകെ ചെലവ് വരുന്ന 500 കോടിയുടെ പകുതി തുകയായ  250 കോടി രൂപ കേരള സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുമുണ്ട്‌. ഇപ്പോഴും കേസ്‌ കോടതിയുടെ പരിഗണനയിലിരിക്കെയാണ്‌ പുതതായി ഒരു പാത വരുന്നതിന്റെ  പേരിൽ രാഷ്‌ട്രീയ കരുനീക്കം നടക്കുന്നത്‌.    കുട്ട–-ഗോണിക്കുപ്പവഴി ബദൽ പാത വികസിപ്പിക്കാനുള്ള നീക്കത്തിൽ ആർക്കെങ്കിലും ആശങ്കയുണ്ടെങ്കിൽ ഇത്‌ ദൂരികരിക്കേണ്ടത്‌  ദേശീയപാത അതോറിറ്റിയും കേന്ദ്രസർക്കാരുമാണ്‌. 2009 ലാണ്‌ ദേശീയപാതയിൽ രാത്രിയാത്രാ നിരോധനം പ്രാബല്യത്തിൽ വരുന്നത്‌. കർണാടകത്തിലും കേന്ദ്രത്തിലും കോൺഗ്രസും ബിജെപിയും മാറിമാറി ഭരിച്ചിട്ടും രാത്രിയാത്രാനിരോധനം പിൻവലിക്കാൻ കഴിഞ്ഞില്ല. കേസ്‌ കോടതി നടപടികളിലൂടെ മുന്നോട്ടുപോവുന്നതിനിടയിലാണ്‌  കേന്ദ്രസർക്കാരും കർണാടകവും സ്വീകരിക്കുന്ന നിലപാട്‌ ചർച്ചചെയ്യാതെ ‌ കേരള സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ യുഡിഎഫ്‌ അടക്കം ശ്രമിക്കുന്നത്‌.    Read on deshabhimani.com

Related News