എംഎൽഎമാർ കലാപം സൃഷ്ടിക്കുന്നത്‌ ഗൂഢാലോചന പുറത്തുവരാതിരിക്കാൻ: സിപിഐ എം



കൽപ്പറ്റ രാഹുലിന്റെ ഓഫീസിലെ  ഗാന്ധിചിത്രം തകർത്ത പ്രതികളെ സംരക്ഷിക്കാൻ എംഎൽഎമാരായ ടി സിദ്ദിഖും ഐ സി ബാലകൃഷ്‌ണനും ശ്രമിക്കുന്നത് ഗൂഢാലോചനക്കാരുടെ പേര് പുറത്ത് വരാതിരിക്കാനാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ പറഞ്ഞു. അക്രമികളെ  വെള്ളപൂശാനുള്ള  ശ്രമമാണ്‌ എംഎൽഎമാരുടേത്‌. പ്രതികളെ  തള്ളിപ്പറഞ്ഞാൽ  ആര്‌ പറഞ്ഞിട്ടാണ്‌ ഇത്‌ ചെയ്‌തതെന്ന്‌ അവർ വിളിച്ചുപറയും. അതുകൊണ്ടാണ്‌, പ്രതികളെ പിടികൂടിയപ്പോൾ  കോൺഗ്രസ് എംഎൽഎമാർ  പൊലീസ്‌ സ്‌റ്റേഷനിൽ  കലാപം സൃഷ്‌ടിക്കുന്നത്‌. രാഷ്‌ട്രപിതാവിന്റെ ചിത്രം തകർത്ത  പ്രതികളെ തള്ളിപ്പറയാനും നടപടി സ്വീകരിക്കാനും കോൺഗ്രസ് തയ്യാറാകണം. ഇതിനുള്ള ചങ്കൂറ്റം കെപിസിസി നേതൃത്വത്തിനുണ്ടോ? രാജ്യത്തെ ഏറ്റവും പ്രധാന കോൺഗ്രസ്‌ നേതാവിന്റെ ഓഫീസിലാണ്‌ സംഭവം. അക്രമികൾക്കെതിരെ നടപടി എടുക്കാൻ എഐസിസി തയ്യാറാകണം. ഇക്കാര്യം അറിയാൻ ജനങ്ങൾ കാത്തിരിക്കുകയാണ്.  ജില്ലക്കകത്തും സംസ്ഥാനത്തും കലാപാന്തരീക്ഷം സൃഷ്‌ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ചിത്രം എറിഞ്ഞുടച്ചത്‌. നാല്‌ പ്രതികളിൽ രണ്ടുപേർ സർക്കാർ ജീവനക്കാരാണെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്‌. ഒരാൾ റവന്യു വിഭാഗത്തിലെയും മറ്റൊരാൾ മൃഗസംരക്ഷണ വകുപ്പിലെയും ജീവനക്കാരാണ്‌. ഗാന്ധിജിയുടെ  ചിത്രം നിലത്തിട്ട്‌ തകർക്കാൻ മനസ്സുള്ളത്‌ കോൺഗ്രസുകാർക്ക്‌ മാത്രമാണെന്ന്‌ തെളിയിച്ചെന്നും  ഗഗാറിൻ പറഞ്ഞു. Read on deshabhimani.com

Related News