മീനങ്ങാടി സീസിയിൽ കടുവ; റോഡ്‌ ഉപരോധിച്ച്‌ നാട്ടുകാർ



  ബത്തേരി മീനങ്ങാടിക്കടുത്ത്‌ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങിയ കടുവ പട്ടാപ്പകൽ മൂരിക്കുട്ടനെ കടിച്ചുകൊന്നു. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ സീസിയിൽ റോഡ്‌ ഉപരോധിച്ചു. വെള്ളി പകൽ ഒന്നരയോടെയാണ്‌ ആവയൽ കോളനിയിലെ ഗോവിന്ദന്റെ കെട്ടിയിട്ട മൂരിക്കിടാവിനെ കടുവ കൊന്നത്‌. മണ്ഡകവയലിൽ ആദിവാസികൾക്ക്‌ പതിച്ചുനൽകിയ തേക്കിൻ തോട്ടത്തിലായിരുന്നു കടുവയുടെ ആക്രമണം. മൂന്നാഴ്‌ച മുമ്പും ഇവിടെ കടുവ മണ്ഡകവയൽ ബാലന്റെ പശുവിനെ കൊന്നിരുന്നു.    കടുവയെ കൂടുവച്ച്‌ പിടികൂടണമെന്നും മൂരിക്കിടാവിന്റെ ഉടമക്ക്‌ മതിയായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു വൈകീട്ട്‌ അഞ്ചോടെ നാട്ടുകാർ മൂരിക്കിടാവിന്റെ ജഡവുമായി ബീനാച്ചി–-പനമരം റോഡ്‌ ഉപരോധിച്ചത്‌. മീനങ്ങാടി പൊലീസും ചെതലയം ഫോറസ്‌റ്റ്‌ അധികൃതരും സ്ഥലത്തെത്തി നാട്ടുകാരുമായി നടത്തിയ ചർച്ചക്കൊടുവിലാണ്‌ ഉപരോധം അവസാനിപ്പിച്ചത്‌.  മൂരിക്കിടാവിന്റെ ഉടമയ്‌ക്ക്‌ വെറ്ററിനറി ഡോക്ടർ ശുപാർശ ചെയ്യുന്നത്‌ പ്രകാരമുള്ള നഷ്ടപരിഹാരം നൽകുമെന്ന്‌ അധികൃതർ അറിയിച്ചു.  പ്രദേശത്ത്‌ കടുവയെ നിരീക്ഷിക്കുന്നതിന്‌ ആറു ക്യാമറകൾ ശനിയാഴ്‌ച സ്ഥാപിക്കും.  വനത്തിന്‌ പുറത്ത്‌ സ്ഥാപിക്കുന്ന ക്യാമറകളിൽ കടുവയുടെ ദൃശ്യം പതിഞ്ഞാൽ കൂടുവയ്‌ക്കാൻ അനുമതി തേടുമെന്നും ചെതലയം ഫോറസ്‌റ്റ്‌ റെയിഞ്ചർ കെ പി അബ്ദുസമദ്‌ ചർച്ചയിൽ ഉറപ്പു നൽകി.   ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അസൈനാർ,  മീനങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ഇ വിനയൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം ബീനാ വിജയൻ, കർഷകസംഘം നേതാക്കളായ ടി ടി സ്‌കറിയ, കെ കെ വിശ്വനാഥൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.  Read on deshabhimani.com

Related News