മെഡിക്കൽ കോളേജ് പൂർണതോതിൽ
പ്രവർത്തന സജ്ജമാക്കുക



കൽപ്പറ്റ ആധുനിക ചികിത്സാ സൗകര്യങ്ങൾ പരിമിതമായ ജില്ലയിലെ മെഡിക്കൽ കോളേജ് പൂർണതോതിൽ പ്രവർത്തന സജ്ജമാക്കണമെന്ന്‌ എൻജിഒ യൂണിയൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. മാനന്തവാടിയിൽ പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജാക്കി ഉയർത്തി  അടിസ്ഥാന സൗകര്യവികസനത്തിന് 300 കോടി രൂപ കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ചു. മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തിനായി ഡോക്ടർമാർ, നോൺ ടീച്ചിങ്‌ സ്റ്റാഫ് ഉൾപ്പെടെ 140 തസ്തികകൾ അനുവദിച്ചും ഉത്തരവിറക്കി. നിലവിൽ 46കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന എട്ടുനില കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി കഴിഞ്ഞു. കാത്ത് ലാബിന്റെ നിർമാണ പ്രവർത്തനം അന്തിമഘട്ടത്തിലാണ്. പേരിയ ബോയ്സ് ടൗണിൽ ആരോഗ്യവകുപ്പ് ഏറ്റെടുത്ത 55 ഏക്കർ ഭൂമിയിൽ മെഡിക്കൽ കോളേജിന്റെ അക്കാദമിക് വിഭാഗം, ഹോസ്റ്റൽ സൗകര്യങ്ങൾ, സ്പെഷ്യാലിറ്റി വിഭാഗങ്ങൾ എന്നിവയും പെട്ടെന്ന്‌ ആരംഭിച്ച്‌ കോളേജ്‌  പൂർണതോതിൽ പ്രവർത്തന സജ്ജമാക്കണം.       ഞായറാഴ്ച രാവിലെ സംഘടനാ റിപ്പോർട്ടിൽ നടന്ന ചർച്ചകൾക്ക് സംസ്ഥാന വൈസ് പ്രസിഡന്റ്‌  ബി അനിൽകുമാർ മറുപടി നൽകി. കെ ആർ പ്രീതി കൺവീനറും അർഷാ സുരേഷ്, സൽമ ജോർജ് എന്നിവർ ജോയിന്റ്‌  കൺവീനർമാരുമായി ജില്ലാ വനിതാ സബ്കമ്മിറ്റിയെയും തെരഞ്ഞെടുത്ത്‌ സമ്മേളനം സമാപിച്ചു.      സമ്മേളനത്തിന്റെ ഭാഗമായി നടന്ന സുഹൃദ്സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി വി സഹദേവൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ടി കെ അബ്ദുൽഗഫൂർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ കെ രാജേഷ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എ പി മധുസൂദനൻ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News