മുഖ്യപ്രതി ആന്ധ്രയിൽ അറസ്‌റ്റിൽ

കഞ്ചാവ് കടത്താനുപയോഗിച്ച് കാറിലെ രഹസ്യ അറ


  ബത്തേരി ആദിവാസി കോളനിയിൽ ഒളിപ്പിച്ച കഞ്ചാവ്‌ പിടികൂടിയ കേസിൽ പൊലീസ്‌ പ്രതിചേർത്തയാളെ ആന്ധ്രപ്രദേശിൽനിന്നും അറസ്‌റ്റ്‌ ചെയ്‌തു. ബത്തേരി ദൊട്ടപ്പൻകുളം പുൽപ്പാറയിൽ ജോസഫ്‌ (സീസി ജോസ്–-51) ആണ്‌ ചൊവ്വാഴ്‌ച പുലർച്ചെ കാക്കിനാഡയിൽ പിടിയിലായത്‌. ഇയാളുടെ കൂടെ ലോഡ്‌ജിലുണ്ടായിരുന്ന മലപ്പുറം തുണ്ടക്കര അയ്യായ സദഖത്തുള്ള, (ഷൗക്കത്ത്‌ –-44) തമിഴ്‌നാട്‌ വെല്ലൂർ ബിദർനഗർ കാർത്തിക്‌ മോഹൻ (32) എന്നിവരും അറസ്‌റ്റിലായി. 2021 ആഗസ്‌ത്‌ മൂന്നിന്‌ ബത്തേരിക്കടുത്ത പൂതിക്കാട്‌ വട്ടത്തിമൂല ഊരാളി കോളനിയിലെ കൃഷ്‌ണന്റെ വീട്ടിൽ ഒളിപ്പിച്ച 102 കിലോ കഞ്ചാവ്‌ ജില്ലാ പൊലീസ്‌ മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡ്‌ പിടികൂടിയിരുന്നു. സംഭവത്തിൽ അറസ്‌റ്റിലായ കൃഷ്‌ണന്റെ മൊഴിയിലാണ്‌ കഞ്ചാവ്‌ സൂക്ഷിക്കാനായി ഏൽപ്പിച്ചത്‌ നിരവധി കേസുകളിലെ പ്രതിയായ ജോസഫാണെന്ന്‌ തിരിച്ചറിഞ്ഞത്‌. പൊലീസ്‌ ഇയാൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ്‌ നാട്ടിൽനിന്നും അപ്രത്യക്ഷനായത്‌. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ബത്തേരി എസ്‌ഐ ജെ ഷമീമിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം കാക്കിനാഡയിലെത്തി പ്രതിയെയും രണ്ട്‌ കൂട്ടാളികളെയും അവിടെയുള്ള ലോക്കൽ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്‌. വൈത്തിരിയിലെ റിസോർട്ട്‌ ഉടമ അബ്ദുൾകരീമിനെ വയനാട്‌ ചുരത്തിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെ കൊലപ്പെടുത്തിയ കേസിൽ  വിട്ടയക്കപ്പെട്ട പ്രതിയായ ജോസഫിന്റെ പേരിൽ ജില്ലയിൽ നിലവിൽ ഹൈവേ കവർച്ച ഉൾപ്പെടെയുള്ള 19 ക്രിമിനൽ കേസുള്ളതായി ജില്ലാ പൊലീസ്‌ മേധാവി ഡോ. അരവിന്ദ്‌ സുകുമാർ പറഞ്ഞു. സദഖത്തുള്ളയും കാർത്തിക്‌ മോഹനും മറ്റ്‌ ചില കേസുകളിലെ  പ്രതികളാണ്‌. ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക്‌ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ്‌ അറസ്‌റ്റിലായ മൂന്ന്‌ പേരും. രഹസ്യ അറകളുള്ള കെഎൽ 10 എഎച്ച്‌ 4435 നമ്പർ ടവേര കാറും പ്രതികൾ താമസിച്ച ലോഡ്‌ജിൽ നിന്നും കസ്‌റ്റഡിയിലെടുത്തു. എഎസ്‌ഐ കെ വി അനീഷ്‌, സിവിൽ പൊലീസ്‌ ഓഫീസർമാരായ എ ജി ബിനീഷ്‌, എം എ അനസ്‌, ആഷ്‌ലിൻ, ഡ്രൈവർ സന്തോഷ്‌ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. മൂന്ന്‌ പ്രതികളെയും വ്യാഴം  വൈകിട്ട്‌ ബത്തേരി സിജെഎം കോടതിയിൽ ഹാജരാക്കി. Read on deshabhimani.com

Related News